തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം മാറ്റി വയ്ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങിനെ മാറ്റിവയ്ക്കുന്നത് മൊത്തം ഒരു മാസത്തെ ശമ്പളമായിരിക്കും. മാസത്തില്‍ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്കാണ് ഇത്തരത്തില്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും വലിയ തോതില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തയ്യാറാകുന്നുണ്ട്. വെല്ലുവിളി വലുതായതിനാല്‍ ജീവനക്കാരുടെ ഉദാരമായ സഹായവും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 

സര്‍ക്കാരിന്റെ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ശമ്പളം മാറ്റിവയ്ക്കല്‍ ഇത് ബാധകമാണ്. 20000 ത്തില്‍ താഴെ വേതനം വാങ്ങുന്നവരെ ഒഴിവാക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവരുടെ ശമ്പളത്തിന്റെയും 30 ശതമാനം ഒരു വര്‍ഷത്തേക്ക് ഓരോ മാസവും കുറയ്ക്കും. 

ആശാ വര്‍ക്കര്‍മാര്‍ക്ക് 2020 മാര്‍ച്ച് വരെ ഓണറേറിയവും ഇന്‍സന്റീവും നല്‍കും. മാര്‍ച്ച് മുതല്‍ കൊവിഡ് കാലയളവില്‍ അധിക ഇന്‍സന്റീവായി ആയിരം രൂപയും നല്‍കും. സംസ്ഥാനത്തെ 26475 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.