Asianet News MalayalamAsianet News Malayalam

രമണ്‍ ശ്രീവാസ്തവയെ ന്യായീകരിച്ച് മുഖ്യമന്ത്രി; വീണ്ടും 'മാധ്യമ സിന്‍ഡിക്കേറ്റ്' എന്ന് വിമര്‍ശനം

പൊലീസും ഫയര്‍ഫോഴ്സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല...

cm on ksfe raid and allegation against Raman Srivastava
Author
Thiruvananthapuram, First Published Nov 30, 2020, 7:17 PM IST

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് പരിശോധനയിൽ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി. രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നിൽ ‍മാധ്യമ സിൻഡിക്കേറ്റുകളാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

പൊലീസും ഫയര്‍ഫോഴ്സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിർദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമ സിൻഡിക്കേറ്റ് എന്ന പ്രയോ​ഗം ആവർ‌ത്തിച്ച മുഖ്യമന്ത്രി കുറച്ച് കാലമായി ഉപേക്ഷിച്ച പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വീണ്ടും വരുന്നുവെന്നാണ് ചോദ്യങ്ങൾക്ക് മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞത്. 

അതേസമയം കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം നടക്കുന്നതായാണ് സൂചന. പരിശോധനക്ക് പിന്നിൽ ശ്രീവാസ്തവക്കും പങ്കുണ്ടെന്നാണ് വിജിലൻസിനെ വിമർശിക്കുന്ന സിപിഎം നേതാക്കളുടെ സംശയം. വിജിലൻസിന്റെ ഉദ്ദേശശുദ്ധിയെ സിപിഐയും ചോദ്യം ചെയ്യുന്നു. 

ക്രമക്കേടുകൾ നിരത്തിയ രഹസ്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധനയെന്ന വിജിലൻസ് വിശദീകരണമൊന്നും ധനമന്ത്രിയും സിപിഎമ്മിലെ വിജിലൻസ് വിമർശകരും കണക്കിലെടുക്കുന്നില്ല. ഗൂഢാലോചനവാദത്തിൽ ഉറച്ചുനിൽക്കുന്ന പാർട്ടിയിലെ വിമർശകരുടെ സംശയമുന മുഖ്യമന്ത്രിയും വിശ്വസ്തനും പൊലീസ് ഉപദേശകനുമായ രമൺ ശ്രീവാസ്തയിലേക്കും നീങ്ങുന്നു. 

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ എംജി സെക്യൂരിറ്റി സ്ഥാപനത്തിൻറെ ഉപദേശകനായി രമൺ ശ്രീവാസ്തവ തുടരുന്നതായി സ്ഥാപനത്തിൻറെ വെബ് സൈറ്റിൽ വ്യക്തമാണ്. കിഎഫ്ബി സിഇഒ കെഎം എബ്രഹാം മുത്തൂറ്റ് കാപ്പിറ്റൽ സ‍ർവ്വസിന്റെ സ്വതന്ത്ര ഡയറക്ടറാണ്. സ്വകാര്യധനകാര്യസ്ഥാപനങ്ങളെ സഹായിക്കാനാണോ വിജിലൻസ് റെയ്ഡ് എന്നായിരുന്നു ധനമന്ത്രി അടക്കമുള്ളവരുടെ ചോദ്യം. സംശയങ്ങൾ ഉപദേശിക്കെതിരാണെങ്കിലും ഉന്നം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ്. 

വിവാദത്തെ തുടർന്ന് പിൻവലിച്ച പൊലീസ് ചട്ടഭേദഗതിക്ക് പിന്നിലും ശ്രീവാസ്തയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. റെയ്ഡിലും ശ്രീവാസ്തവക്കെതിരായ വിമർശനങ്ങളിലും മുഖ്യമന്ത്രി പാർട്ടിയിൽ വിശദീകരണം നൽകേണ്ടിവരും. ധന-ആഭ്യന്തരമന്ത്രിമാരുടെ പോരിടലിൽ സിപിഐ ധനവകുപ്പിനൊപ്പമാണ്. വിജിലൻസ് റെയ‍്ഡിനെ പാർട്ടി മുഖപത്രവും മന്തിമാരും വിമർശിക്കുന്നു. വിജിലൻസ് കൂട്ടിലടക്കാനുള്ള സിപിഎം നീക്കം ഉന്നയിച്ചാണ് പ്രതിപക്ഷത്തിൻറെ ഇന്നത്തെ വിമർശനം. 

Follow Us:
Download App:
  • android
  • ios