തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട്  പിഎസ്‍സിയുടെ വിശ്വാസ്യത പ്രശ്നത്തിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷയില്‍ ചില വ്യക്തികൾ തെറ്റായ മാർഗത്തിലൂടെ ഉത്തരമെഴുതിയതാണ് പ്രശ്നം. കുറ്റവാളികളെ കണ്ടെത്തണം എന്നു പറയുന്നത് പിഎസ്‍സിയാണ്. അതാണ് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

ഒരു പരീക്ഷയിൽ ചിലർക്ക് അസാധാരണ നേട്ടമുണ്ടായതായി പിഎസ്‍സി വിജിലൻസ് കണ്ടെത്തുകയായിരുന്നു. ആരോപണമുയര്‍ന്ന് 15 ദിവസത്തിനകം അത് കണ്ടെത്തി. പരീക്ഷാക്രമക്കേടിൽ ഉൾപ്പെട്ട എല്ലാ വരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2003ലും 2010 ലും എല്‍ഡിസി,എസ്ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്  ആഭ്യന്തര വിജിലൻസ് നല്‍കിയ ശുപാർശയിലാണ് അന്ന് നടപടിയുണ്ടായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.