തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി കേടായ സംഭവത്തിൽ പ്രതിപക്ഷ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞാൻ പിടിച്ച മുയലിന് കൊമ്പ് നാലാണ് എന്നതാണ് പ്രതിപക്ഷത്തിന്റെ മനോഭാവം. പറഞ്ഞ കാര്യങ്ങൾ അബദ്ധമാണെന്ന് മനസ്സിലായിട്ടും അത് സമ്മതിക്കാൻ അവർ തയ്യാറാകുന്നില്ല. സ്വർണ്ണക്കടത്ത് കേസിലെ എൻഐഎ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് തന്റെ ധാരണയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ഇതിലെന്താ സംഭവിച്ചത്. ഇടിവെട്ടി. ഇടിവെട്ടിയാൽ നമുക്ക് ആർക്കെങ്കിലും നിയന്ത്രിക്കാൻ‍ പറ്റുമോ. ഇവിടെ ഈ ക്ലിഫ് ഹൗസിൽ ഒരു ദിവസം ഇടിവെട്ടിയപ്പോ കുറേക്കാര്യങ്ങളാണ് ഒന്നിച്ച് നശിച്ചുപോയത്. അത് സ്വാഭാവികമല്ലേ. അവിടെ സംഭവിച്ചത്..എന്തോ സ്വിച്ചിന് തകരാർ പറ്റി. അത് മാറ്റാൻ നടപടിയെടുത്തു എന്നൊക്കെയുള്ള വിശദീകരണം ഇപ്പോ വന്നു. സ്വാഭാവികമായിട്ട് നടക്കുന്നതല്ലേ. എന്തോ ഒരു കടലാസ് കിട്ടി, അതും പൊക്കിപ്പിടിച്ച് ഇതാ കിട്ടിപ്പോയി എന്നും പറഞ്ഞ് പുറപ്പെട്ടതല്ലേ അബദ്ധം. സാധാരണ നിലയ്ക്ക് കിട്ടിയ കാര്യങ്ങളൊന്ന് വിലയിരുത്താൻ തയ്യാറാവേണ്ടേ. എന്നിട്ട് വിലയിരുത്തിക്കൊണ്ടല്ലേ പറയേണ്ടത്. എന്നിട്ട് വീണിടത്ത് കിടന്ന് പിന്നേം വിദ്യ കാണിക്കാൻ നോക്കുക. അതാണല്ലോ സംഭവിക്കുന്നത്. അതിനെന്ത് ചെയ്യാൻ പറ്റും. 

ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്..അതൊക്കെ എൻഐഎ തീരുമാനിക്കുന്നതല്ലേ. ഞാനിന്നലെ പറഞ്ഞില്ലേ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് എനിക്കിതേവരെ കിട്ടിയിട്ടുള്ള ധാരണ. അതിൽ നിന്ന് വ്യത്യസ്തമായ ഒരു ധാരണയ്ക്ക് ഇതുവരേം അടിസ്ഥാനമില്ല. അപ്പോ അതുവച്ച് അവര് അന്വേഷിക്കട്ടെ. ഇവിടുത്തെ അന്വേഷണവും ചോദ്യം ചെയ്യലും കഴിഞ്ഞതിന് ശേഷം അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചു എന്നുള്ള വാർത്ത കാണുന്നുണ്ട്. അത് ശരിയായിരിക്കാം. അത് നടന്നോട്ടെ. 

ഓഫീസിൽ എൻഐഎ വന്നതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം....അതൊക്കെ മോഹമല്ലേ, അങ്ങനെ എന്തൊക്കെ മോഹങ്ങള് കാണും. ഞാനെന്തു പറയാനാണ്.