തിരുവനന്തപുരം: മന്ത്രി എ സി മൊയ്തീൻ ക്വാറന്റൈനിൽ പോകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാളയാറിൽ പോയ കോൺ​ഗ്രസ് നേതാക്കൾ കൊവിഡ് രോ​ഗിയുമായി ശാരീരികമായി അടുത്തിടപഴകിയവരാണ്. മന്ത്രി അങ്ങനെയല്ല. തെറ്റിനെ ന്യായീകരിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കൊവിഡ് 19  ക്വാറന്റൈനെ ചൊല്ലി യുഡിഎഫ് എൽഡിഎഫ് വാക് പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.   
വാളയാര്‍ സമരത്തില്‍ പങ്കെടുത്ത യുഡിഎഫ് ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ പോകണമെന്ന സര്‍ക്കാരിന്‍റെ  ആവശ്യമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.  തുടക്കത്തിൽ എതിർത്തെങ്കിലും എംപിമാരും എം എല്‍എമാരും സർക്കാരിന് വഴങ്ങി. അപ്പോഴാണ് മന്ത്രി എ സി മൊയ്തീന്‍ ഗുരുവായൂരില്‍ പ്രവാസികളെ സന്ദര്‍ശിച്ച ദൃശ്യങ്ങൾ പുറത്ത് വന്നത്. അങ്ങനെയെങ്കിൽ മന്ത്രിയും നിരിക്ഷണത്തില്‍ പോകണ്ടേയെന്ന് ചോദിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തുകയായിരുന്നു. മന്ത്രിക്ക് ഒരു നീതി,യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് മറ്റൊരു നീതി എന്ന് നിലപാട് പറ്റില്ല. ഇത് രാഷ്ട്രീയ വിവേചനമാണ് എന്നും കോൺ​ഗ്രസ് ആരോപിക്കുന്നു. 

പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീനെ നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ്, തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഇന്ന് മന്ത്രിയുടെ വടക്കാഞ്ചേരിയിലെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ യൂത്ത്കോൺ​ഗ്രസ് പ്രവർത്തകരെ  പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. അതേസമയം, ക്വാറന്റൈനിൽ പോകുന്നത് സംബന്ധിച്ച് മെഡിക്കൽ ബോർഡിൽ നിന്നും തനിക്ക് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ്  മന്ത്രി എ സി മൊയ്തീൻ പറയുന്നത്. നിർദേശം ലഭിച്ചാൽ അത് അംഗീകരിക്കുമെന്നും മന്ത്രി പറയുന്നു.