തിരുവനന്തപുരം: ലോകമെമ്പാടും നിന്നുള്ള കൊവിഡ് വാർത്തകൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 18 മലയാളികളാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്. ഈ കണക്ക് അന്തിമമല്ല. കേരളത്തിൽ രോഗവ്യാപനം തടയാൻ കഴിയുന്നുണ്ടെങ്കിലും ലോകമെമ്പാടും നിന്നുള്ള സ്ഥിതി അസ്വസ്ഥപ്പെടുത്തുന്നതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ..

സംസ്ഥാനത്ത് രോഗവ്യാപനം തടുത്തുനിർത്താൻ കഴിയുന്നുണ്ട്. പൊതുവിൽ സ്വീകരിച്ച നടപടികൾ അതിന് വലിയ കാരണമാണ്. ലോകത്താകെയുള്ള സ്ഥിതി നമ്മളെ അസ്വസ്ഥപ്പെടുത്തുന്നു. ഏറ്റവുമൊടുവിൽ യുകെയിൽ മരിച്ച മലയാളി അടക്കം നമ്മൾ കേട്ടത് 18 മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവെന്നാണ്.

കൊവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണമാണ്. എല്ലായിടത്ത് നിന്നും ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. അമേരിക്കയിൽ കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി.....ഏപ്രിൽ അഞ്ചിന് അമേരിക്കയിൽ തിരുവല്ല സ്വദേശി ഷോൺ, തൊടുപുഴ സ്വദേശി തങ്കച്ചൻ, അയർലന്റിൽ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന, സൗദിയിൽ മലപ്പുറം സ്വദേശി സൗഫാൻ എന്നിവരാണ് മരിച്ചത്

ഏപ്രിൽ നാലിന് സൗദിയിൽ പാനൂർ സ്വദേശി ഷബാന.ഏപ്രിൽ ഒന്നിന് മുംബൈയിൽ കതിരൂർ സ്വദേശി അശോകൻ, ദുബൈയിൽ തൃശ്ശൂർ സ്വദേശി ഹമീദ്, മാർച്ച് 31 ന് അമേരിക്കയിൽ പത്തനംതിട്ടയിൽ തോമസുമാണ് മരിച്ചത്.പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.