Asianet News MalayalamAsianet News Malayalam

മഴ കനക്കുന്നു, പ്രവചനാതീതമായ സ്ഥിതിയാണ്; ജാ​ഗ്രത വേണമെന്നും മുഖ്യമന്ത്രി

മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾ ഔദ്യോ​ഗിക മുന്നറിയിപ്പുകളെ ഗൗരവത്തിൽ കാണണം. നിലവിൽ മഴയില്ലെങ്കിലും മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

cm pinarayi on heavy rain alert
Author
Thiruvananthapuram, First Published Aug 5, 2020, 6:59 PM IST

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രവചനാതീതമായ സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾ ഔദ്യോ​ഗിക മുന്നറിയിപ്പുകളെ ഗൗരവത്തിൽ കാണണം. നിലവിൽ മഴയില്ലെങ്കിലും മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

മഴ കനക്കുകയാണ്. കേന്ദ്രവകുപ്പ് അതിതീവ്രമഴ പ്രവചിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിൽ വരുന്ന നാല് ദിവസങ്ങളിൽ അതിതീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്. ഇതോടൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിച്ചു. റെഡ് അലർട്ട് ഉള്ള ഉരുൾപൊട്ടൽ മേഖലകളിൽ ഉള്ളവരെ മാറ്റും. നീലഗിരി കുന്നുകളിൽ അതിതീവ്രമഴ പെയ്താൽ വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ അപകടസാധ്യത കൂട്ടും. ഇടുക്കിയിൽ മഴ പെയ്താൽ അത് എറണാകുളത്തെയും ബാധിക്കും. പ്രവചനാതീതമായ സ്ഥിതിയാണ്. മുന്നറിയിപ്പുകളെ ഗൗരവത്തിൽ കാണണം. നിലവിൽ മഴയില്ലെങ്കിൽ മുന്നറിയിപ്പ് അവഗണിക്കരുത്. പ്രധാനഅണക്കെട്ടുകളിൽ ജലനിരപ്പ് കാര്യമായി കൂടിയിട്ടില്ല.

വൈദ്യുതിവകുപ്പിന്‍റെ പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കുവിടുന്നുണ്ട്. ജലവകുപ്പിന്‍റെ അണക്കെട്ടുകളിലും വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. മണിമലയാറിൽ മാത്രമാണ് വെള്ളം വാണിംഗ് ലെവലിന് തൊട്ടടുത്തുള്ളത്. എങ്കിലും ജലനിരപ്പ് പെട്ടെന്ന് കൂടിയേക്കാം. കനത്ത മഴയും കാറ്റും വന്നാൽ മരങ്ങൾ കടപുഴകിയേക്കാം. ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നാൽ സാമൂഹിക അകലം പാലിക്കും. ക്വാറന്‍റീനിലുള്ളവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് മൂലം കൂടുതൽ അപകടസാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചാകും ക്യാമ്പുകൾ. നദികളിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കാഴ്ച കാണാനും പോകരുത്. കൂട്ടം കൂടി നിൽക്കുകയും പാടില്ല. തീരദേശവാസികൾ ജാഗ്രത പാലിക്കണം.
 

Follow Us:
Download App:
  • android
  • ios