Asianet News MalayalamAsianet News Malayalam

'ആരോഗ്യ സംവിധാനത്തിന്‍റെ കഴിവിനുമപ്പുറം സ്ഥിതി കൈവിട്ട് പോകാം', മുന്നറിയിപ്പുമായി മുഖ്യമന്ത്രി

''രണ്ടാം തരംഗത്തിൽ ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം ഉണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്‍റൈൻ പാലിക്കണം. ക്വാറന്‍റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും'', മുഖ്യമന്ത്രി. 

cm pinarayi press meet health sector surge capacity shall not be filled says cm
Author
Thiruvananthapuram, First Published Apr 24, 2021, 6:17 PM IST

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യസംവിധാനത്തിന്‍റെ മൊത്തം കഴിവിനുമപ്പുറത്തേക്ക് കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ ആരോഗ്യസംവിധാനത്തിന് ഒരു സർജ് കപ്പാസിറ്റി ഉണ്ട്. അതിന് മുകളിലേക്ക് പോയാൽ ആർക്കും ചികിത്സ കിട്ടാത്ത സ്ഥിതി വരും. കേരളത്തെ ആ സ്ഥിതിയിലേക്ക് കൊണ്ടുപോകരുതെന്നും, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവതത്തിന് മുകളിലാണ് ഇരിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 

സർക്കാർ നിയന്ത്രണങ്ങൾ വളരെ യാന്ത്രികമായി അനുസരിക്കുന്നതിന് പകരം അവ നമ്മളേവരും സ്വയമേ ഏറ്റെടുക്കണം എന്നാണ് മുഖ്യമന്ത്രി നിർദേശിക്കുന്നത്. 

24 മണിക്കൂറിൽ മാസ്ക് വയ്ക്കാത്ത 22,203 പേർക്കെതിരെ കേസ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാസ്ക് ധരിക്കാത്ത 22,203 പേർക്കെതിരെ കേസെടുത്തു. 9145 പേർക്ക് എതിരെ അകലം പാലിക്കാത്തതിന് നടപടിയെടുത്തു. 6,20,991 രൂപ പിഴയായി ഈടാക്കി. പാലക്കാട് ചിറ്റൂർ വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ ഉത്സവത്തിൽ ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ച് കുതിരയോട്ട മത്സരം പങ്കെടുപ്പിച്ചതിൽ ആയിരത്തോളം പേർ പങ്കെടുത്തു. ഇത് സംബന്ധിച്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കമ്മിറ്റിക്കാരിൽ 25 പേരിൽ എട്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുതിരയോട്ടക്കാരായ 57 പേർക്കെതിരെ കേസെടുത്തു. തൃശ്ശൂർ പൂരം വേറെ പ്രശ്നമില്ലാതെ നടത്തിയപ്പോഴാണ് ഇത്. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും.

രണ്ടാം തരംഗത്തിൽ ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം ഉണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്‍റൈൻ പാലിക്കണം. ക്വാറന്‍റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. ബ്രേക് ദി ചെയിൻ ഗ്രാമപ്രദേശങ്ങളിൽ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കണം - മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

മാറ്റിവെക്കാനാവുന്ന പരിപാടികൾ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞ് നടത്തണം. സർക്കാർ പരമാവധി അനുവദിച്ചത് 75 പേരെയാണ്. അത് കൂടുതൽ ചുരുക്കുന്ന സമീപനം സ്വീകരിക്കും. ആരുടെയും നിർബന്ധത്തിന് വഴങ്ങിയോ മറ്റ് നടപടികളെ ഭയന്നോ ചെയ്യുന്നതിന് പകരം ഇതെല്ലാം അവനവന്‍റെ ഉത്തരവാദിത്തമാണെന്ന് കണ്ട് സാഹചര്യത്തിന് അനുസരിച്ച് എല്ലാവരും ഉയർന്ന് പ്രവർത്തിക്കണം. അല്ലെങ്കിൽ രോഗം വിചാരിക്കുന്നതിലും വേഗം വ്യാപിക്കും - മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios