Asianet News MalayalamAsianet News Malayalam

സിപിഐ കൈകാര്യം ചെയ്യുന്ന ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുത്തേക്കും

പ്രകൃതി ക്ഷോഭങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഏകോപനത്തിനായി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാക്കണം എന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് സിപിഎം മുൻകൈയ്യെടുത്ത് നീക്കം തുടങ്ങിയത്

CM Pinarayi to take over disaster management department from CPI
Author
Thiruvananthapuram, First Published May 26, 2021, 6:54 AM IST

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് പിന്നാലെ സിപിഐ കൈകാര്യം ചെയ്തിരുന്ന ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലെ ഉഭയകക്ഷി ചർച്ച അവസാന ഘട്ടത്തിലാണ്. തുടർച്ചയായ പ്രളയങ്ങൾക്ക് ശേഷം പ്രാധാന്യമുയർന്ന വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ റവന്യു മന്ത്രിയുടെ അധികാരങ്ങൾ ദുർബലമാകും.

2005ലാണ് കേന്ദ്ര നിയമത്തിന്‍റെ ചുവട് പിടിച്ച് ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്ത് നിലവിൽ വന്നത്. ജില്ലാ ഭരണകൂടങ്ങളുടെ അധികാരങ്ങളോട് ചേർത്ത് ചട്ടങ്ങൾ വന്നതോടെ തുടക്കം മുതൽ റവന്യു വകുപ്പുമായി ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. ഓഖി ചുഴലിക്കാറ്റിനും, 2018ലെയും 2019ലെയും പ്രളയങ്ങൾക്കും ശേഷം ദുരന്ത നിവാരണ വകുപ്പിന്‍റെ പ്രാധാന്യം കൂടി. പ്രകൃതി ക്ഷോഭങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഏകോപനത്തിനായി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാക്കണം എന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് സിപിഎം മുൻകൈയ്യെടുത്ത് നീക്കം തുടങ്ങിയത്. സിപിഎം -സിപിഐ നേതൃത്വങ്ങൾ നടത്തിയ ചർച്ചകളിൽ കാര്യമായി വിയോജിപ്പുകളും ഉയർന്നിട്ടില്ല.

ഒന്നാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർക്കാൻ ആലോചനകൾ നടന്നിരുന്നു. അന്ന് സിപിഐ നേതൃത്വത്തിന്‍റെ എതിർപ്പും ഭരണപരവും സാങ്കേതികവുമായ മറ്റ് സങ്കീർണതകളുമാണ് തടസമായത്. വിദഗ്ദ്ധ അംഗങ്ങളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയെ സ്വതന്ത്ര ചുമതലയുള്ള സംവിധാനമാക്കാനാണ് നീക്കം. ജില്ലകളിൽ കളക്ടർമാരാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അധികാര കേന്ദ്രം. പുതിയ മാറ്റങ്ങളിൽ റവന്യുമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനും ജില്ലാ ഭരണകൂടങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ അവസരമൊരുങ്ങും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായകമായ ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. ഒന്നാം മന്ത്രിസഭയെക്കാൾ കൂടുതൽ വകുപ്പുകൾ ഏറ്റെടുത്ത് രണ്ടാമൂഴത്തിൽ പിടിമുറുക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

Follow Us:
Download App:
  • android
  • ios