കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം.എസ്. ഗോപി കൃഷ്ണൻ ഭീഷണി സന്ദേശം കുറിച്ചത്.

തിരുവനന്തപുരം: നവകേരള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഭീഷണിയുമായി സോഷ്യൽമീഡിയയിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണനാണ് ഫേസ്ബുക്കിൽ കമന്റിട്ടത്. ‘കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് എം.എസ്. ഗോപി കൃഷ്ണൻ ഭീഷണി സന്ദേശം കുറിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപികൃഷ്ണൻ. എന്നാൽ, നവകേരള സദസ്സിനു പോയിട്ടുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടില്ല. 

അതേസമയം, നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്. കാസ‍ര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതൽ, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയ‍ര്‍ത്തുന്നത്. പലയിടത്തും കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസും സിപിഎം ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരും തല്ലിച്ചതക്കുന്ന സ്ഥിതിയുണ്ടായി. 

'കടയ്ക്കൽ തടഞ്ഞ് നോക്ക് അപ്പോൾ കാണാം' വെല്ലു വിളിയുമായി മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ