Asianet News MalayalamAsianet News Malayalam

വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ, കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി; കൂടിക്കാഴ്ച സൗഹാർദപരം

കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

cm pinarayi vijayan about his meeting with pm modi
Author
Delhi, First Published Jul 13, 2021, 6:11 PM IST

ദില്ലി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചു..  വാരണസി - കൊൽക്കത്ത ജലപാത ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാൻ വന്നപ്പോൾ ​ഗെയിൽ പൈപ്പ് ലൈൻ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂർത്തിയായ കാര്യം ഇക്കുറി ഞാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. കേരളത്തിൽ അധികാര തുട‍ർച്ച നേടിയ എൽഡിഎഫ് സ‍ർക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിൻ്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്നും അദ്ദേഹം ഉറപ്പ് നൽകി. വികസനകാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.

കേരളത്തിൻ്റെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ വിശദമായി അതേക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. സംസ്ഥാനം സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്തുണ്ടായ സ്തംഭാനവസ്ഥയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ മാസം അറുപത് ലക്ഷം ഡോസ് വാക്സീൻ ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഇതേക്കാര്യം നേരത്തെയും ആരോ​ഗ്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഈ മാസം മാത്രം 25 ലക്ഷം ഡോസ് വാക്സീൻ സെക്കൻഡ് ഡോസ് മാത്രമായി നൽകേണ്ടതുണ്ട്.

18 വയസിന് മുകളിൽ പ്രായമുള്ള 44 ശതമാനം പേ‍ർക്ക് ആദ്യ ഡോസ് വാക്സീൻ നൽകാൻ സാധിച്ചിട്ടുണ്ട്. അതുവഴി മാത്രമേ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ. ഇതോടൊപ്പം കേരളത്തിൻ്റെ ദീ‍ർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസ് കേരളത്തിന് വേണമെന്ന ദീർഘകാല ആവശ്യം ഒരുവട്ടം കൂടി അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായത്. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണ കൂടുതലും പകർച്ച വ്യാധികൾ പല​ഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ​ഗ്യമേഖലയുടെ കൂടുതൽ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോ​ഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം തന്നെ എടുത്തു പറഞ്ഞു. ആ നിലയിലെ ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ഇതോടൊപ്പം കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വലിയ തോതിൽ സഹായം വേണമെന്നും അദ്ദേഹത്തെ അറിയിച്ചു.

4500 കോടിയുടെ ജിഎസ്ടി കോംപൻസേഷൻ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിൻ്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. അങ്കമാലി - ശബരി റെയിൽപാത പദ്ധതി നടപ്പാക്കാൻ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിൻ്റെ എൺപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വേ​ഗത്തിൽ തന്നെ ആ പദ്ധതി ആരംഭിക്കണമെന്നും പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ഏറ്റവും കൂടുതർ തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഒരു വിമാനത്താവളം വരേണ്ടതിൻ്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആ വിമാനത്താവള പദ്ധതിക്ക് പെട്ടെന്ന് തന്നെ അം​ഗീകാരം നൽകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.തലശ്ശേരി - മൈസൂർ റെയിൽവേ പദ്ധതിയുടെ ​ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാന സർവ്വീസ് ഉറപ്പാക്കണം. ഇതിനായി കണ്ണൂരിനെആസിയാൻ ഓപ്പൺസ്കൈ പദ്ധതിയിൽ ഉൾപ്പെടുത്തണം. കോഴിക്കോട് വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള തടസം നീക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 

നെഹ്റു സ്റ്റേഡിയും മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള അനുമതി ഉടൻ തന്നെ നൽകാമെന്ന് കേന്ദ്ര ന​ഗരവികസനവകുപ്പ് മന്ത്രി ഹർകിഷൻ സിം​ഗ് പുരി അറിയിച്ചു. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടത്തിൽ 11 സ്റ്റേഷനുകളാണുള്ളത്. പ്രാരംഭ നടപടിയായി 260 കോടി കേരള സർക്കാർ പദ്ധതിക്ക് മാറ്റി വച്ചിട്ടുണ്ട്.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെ പ്രൊപ്പോസലും ഡിപിആറും നഗരവികസനകാര്യമന്ത്രാലയത്തിൽ സമര്‍പ്പിച്ചു. പദ്ധതിയിൽ മാറ്റങ്ങൾക്ക് കേന്ദ്രനഗരവികസനകാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു ആ മാറ്റങ്ങൾ വരുത്തിയതിനാൽ തിരുവനന്തപുരം മെട്രോയ്ക്ക് ഉടനെ അനുമതി കിട്ടും. കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക അനുമതി നൽകുന്നതിൻ്റെ പരിശോധനകൾക്ക് ശേഷം തീരുമാനം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios