Asianet News MalayalamAsianet News Malayalam

'വികസനം തടസ്സപ്പെടുത്താൻ ബിജെപിയും കോൺഗ്രസും, ഒപ്പം ഒരു ബഹുമാന്യനും'; ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി

ഏത് 'ബഹുമാന്യൻ' ചേർന്നാലും പ്രശ്നമില്ല. ഈ 'ബഹുമാന്യൻ' രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പറയുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കാണാൻ കഴിയും ഇവിടെ എന്താണ് സ്ഥിതിയെന്ന്

CM Pinarayi Vijayan again attack Arif Mohammad Khan
Author
First Published Sep 22, 2022, 2:01 PM IST

തിരുവനന്തപുരം: ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും കേരളത്തിൽ വികസനത്തെ തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു 'ബഹുമാന്യനും' ചേരുകയാണെന്ന് ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഏത് 'ബഹുമാന്യൻ' ചേർന്നാലും പ്രശ്നമില്ല. ഈ 'ബഹുമാന്യൻ' രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പറയുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കാണാൻ കഴിയും ഇവിടെ എന്താണ് സ്ഥിതിയെന്ന് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

കേന്ദ്ര താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം ഓരോന്നോരോന്നായി കവരുന്നു. സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. ഇതിനോട് യോജിക്കാൻ ആകില്ല. ഇത് ഫെഡറലിസത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പൗരത്വത്തിന് ജാതിയും മതവും അടിസ്ഥാനമല്ല. എന്നാൽ സിഎഎയിലൂടെ അതും മാറ്റി മറിച്ചു. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനം ആദ്യം തന്നെ പ്രഖ്യാപിച്ചു. അത് നടപ്പാക്കാൻ ചില നീക്കങ്ങൾ ഇപ്പോൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നടത്തം തുടങ്ങിയപ്പോൾ ഗോവയിൽ ഉള്ള കോൺഗ്രസും ഇല്ലാതായി'

രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ നടത്തം ആരംഭിച്ചപ്പോൾ ഗോവയിൽ ഉള്ള കോൺഗ്രസും ഇല്ലാതായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും കേരളത്തെ ഇടതുപക്ഷത്തിൽ നിന്ന് മോചിപ്പിക്കാനാണ് രാഹുൽ നടക്കുന്നത്. യാത്ര ഏറ്റവും കൂടുതൽ ദിവസം കേരളത്തിലാണ്. യുപി യിൽ രണ്ട് ദിവസം. അതൊരു പൊതുവിമർശനം ആയി വന്നപ്പോൾ 4 ദിവസം ആക്കി. ജാഥ ആർക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെ വലിയ ഒരു നേതൃനിര ഇപ്പോൾ ബിജെപിയിലാണ്. വർഗീയതയെ എതിർക്കാത്തത് കൊണ്ടാണ് കോൺഗ്രസിന് ഈ അവസ്ഥ വന്നത്. ആർഎസ്എസിനും ബിജെപിക്കും എതിരല്ല കോൺഗ്രസ്. അവർ തമ്മിൽ കൂട്ടുകെട്ടുണ്ട്. ഇവിടത്തെ യോജിപ്പ് ബിജെപിയും കോൺഗ്രസും ദില്ലിയിലും ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ജോഡോ യാത്രയിൽ സവർക്കർ ഇടം പിടിച്ചത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രീട്ടീഷുകാർക്ക് മുന്നിൽ മാപ്പെഴുതി കൊടുത്ത ആളാണ് സവർക്കർ. ആ സവർക്കറെയാണ് സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിക്കുന്നത്. ആർഎസ്എസ് സവർക്കറെ സ്വാതന്ത്ര്യ സമര സേനാനിയായി ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

 

 

Follow Us:
Download App:
  • android
  • ios