തിരുവനന്തപുരം: സ്വ‍ർണക്കടത്ത്, ലൈഫ് മിഷൻ അടക്കം വിവിധ പദ്ധതികളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ സമീപകാലത്ത് സ്വീകരിച്ച സമീപനത്തിനെതിരെ തുറന്നടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരേയും രൂക്ഷമായ വി‍മർശനമാണ് ഉന്നയിച്ചത്. സർക്കാരിനെതിരെ ഒരു വിഭാ​ഗം നടത്തിയ വിധ്വംസക പ്രവ‍ർത്തനങ്ങൾ മാധ്യമങ്ങൾ പിന്തുണ നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ -  

സർക്കാരിനെതിരായ വിധ്വസക പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളും പിന്തുണ നൽകുന്നു. സ്വതന്ത്രം എന്ന മേലങ്കിയിട്ട മാധ്യമങ്ങൾ വിധ്വംസക പ്രവര്‍ത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷിക്കുന്നതിന് പിന്നിലും ഇതേ മനോഭാവമാണ്. ഒരു ആക്രമണത്തിന് മുന്നിലും തകര്‍ന്ന് പോകില്ല. എല്ലാം തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ച് കാണേണ്ടതും ഇല്ല

ഈ സർക്കാരിനെ എതിർക്കുന്നവരുണ്ടാവാം, ഈ സർക്കാരിനെ ആക്രമിക്കണം നശിപ്പിക്കണം എന്ന ആഗ്രഹത്താൽ വശംകെട്ടവരും ഉണ്ടാവും അതല്ലാതെ സ്വതന്ത്രം എന്ന മേലങ്കിയിട്ട ചില മാധ്യമങ്ങൾ ഈ വിധ്വംസക പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നില്ലേ. ഒരു ദിവസം പോലും നിലനിൽക്കാത്ത വാർത്തകൾ ആഘോഷിക്കുന്ന മാധ്യമങ്ങളുടെ മനോഭാവവും ഇതാണ്. ഒരു ആക്രമണത്തിന് മുന്നിലും ഈ സർക്കാർ തകർന്നു പോകില്ല. എല്ലാം തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ചു കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാധ്യമങ്ങൾ എപ്പോഴും നാടിൻ്റെ പുരോ​ഗതിക്ക് വേണ്ടി നിൽക്കുന്നവരാണ് എന്നല്ലേ പറയുക. നാടിൻ്റെ ​ഗുണപരമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികൾക്ക് നേരെ ആക്രമണവും തുരങ്കം വയ്ക്കലും ഉണ്ടാവുമ്പോൾ അതിനെ തിരിച്ചറിയാനും ഒഴിഞ്ഞു നിൽക്കാനും മാധ്യമങ്ങൾക്ക് സാധിക്കേണ്ടതല്ലേ.