തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍  സിപിഎം ബിജെപി ബന്ധം എന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി. എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് ഇല്ല. പഞ്ചവടിപ്പാലത്തിന്‍റെ കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. മാഹിയില്‍ പാലം തകര്‍ന്ന സംഭവത്തില്‍ പഞ്ചവടിപ്പാലത്തോടാണ് പ്രതിപക്ഷ നേതാവ് ഉപമിക്കുന്നത്.

യുഡിഎഫ് കാലത്ത്  ദേശീയ പാതാ വികസനത്തിന് ഒരു നടപടിയും സ്വീകരിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന് ആവശ്യമായ നടപടി എടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലില്‍ കുടുങ്ങിക്കിടന്ന പദ്ധതിയാണ് എല്‍ഡിഎഫ് പ്രാവര്‍ത്തികമാക്കിയത്. വിഭ്രാന്തിയില്‍ ചെന്നിത്തല എന്തൊക്കെയോ പറയുകയാണ്.

കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ പാതാ അതോറിറ്റിക്കാണ് പാതാവികസനത്തിന്‍റെ ചുമതല. അതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിനേയോ ബിജെപിയോ പറയേണ്ടി വരുമ്പോള്‍ ചെന്നിത്തല മൃദുസമീപനം സ്വീകരിക്കുകയാണ്.

ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെട്ട് തീര്‍പ്പാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കുതിരാന്‍ തുരങ്കത്തിന്‍റെ പണി എന്നേ തീരുമായിരുന്നു. ഇക്കാര്യം അറിയാത്ത വ്യക്തിയല്ല ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാനത്തിന് ഉത്തരവാദിത്തമില്ലെങ്കിലും അത് സംസ്ഥാന സര്‍ക്കാരിന്‍റെ പെടലിക്ക് വെക്കാന്‍ അദ്ദേഹം നല്ലത് പോലെ ശ്രമിക്കുന്നുണ്ട്. സാമാന്യ ജ്ഞാനം ഇല്ലാത്തത് കൊണ്ടല്ല ഇത്തരം ആരോപണം. സ്വന്തം ശീലം വച്ചാണ് ചെന്നിത്തല മറ്റുള്ളവരെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.