ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപകടകരമായ രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നുവെന്നും കോടിയേരി.
കാസർകോട് : ന്യൂനപക്ഷ വർഗീയത (Minority Communalism) , ഭൂരിപക്ഷ വർഗീയതയ്ക്ക് (Majority Communalism) വളമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). രണ്ടും പരസ്പര പൂരകങ്ങളാണെന്ന് മുഖ്യമന്ത്രി പറയുന്നു. ആർഎസ്എസിന്‍റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം ശക്തമാണ്. ആക്രമണം നടത്തിയാൽ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമാണ് ഉള്ളത്. വർഗീയത പ്രചരിപ്പിച്ച് പാർട്ടി ശക്തിപ്പെടുത്താനാണ് ശ്രമം. എന്നാൽ ഈ വർഗീയതയെ വർഗീയതകൊണ്ട് നേരിടാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.
ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപകടകരമായ രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നുവെന്നും ഇവരെ അകറ്റി നിർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. കേരളം കലങ്ങട്ടെ, ലഹളകൾ ഉണ്ടാകട്ടെ എന്ന നിലപാടാണ് കോൺഗ്രസിനെ നയിക്കുന്നത്. കോൺഗ്രസ്സ് ഹിന്ദു വർഗീയ വളർത്തുമ്പോൾ മുസ്ലിം വർഗീയത ശക്തിപ്പെടുത്തുകയാണ് ലീഗെന്നാണ് ആരോപണം.
രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട ഭീതി ഉപയോഗപ്പെടുത്തുകയാണ് ഇന്ന് മത തീവ്രവാദ സംഘടനകൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആർഎസ്എസ് ഉണ്ടാക്കുന്ന ഭീഷണി തങ്ങളുടെ തടിമിടുക്ക് കൊണ്ട് നേരിടാമെന്ന് എസ്ഡിപിഐ കരുതുന്നു. ഇത് ആർ എസ് എസിന് തന്നെയാണ് ഗുണമാവുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ആർഎസ്എസിന് സമരസപ്പെട്ട് പോവുകയാണ് കോൺഗ്രസെന്നും പിണറായി വിജയൻ ആരോപിക്കുന്നു. കോൺഗ്രസ്സ് രാജ്യത്ത് ബദലല്ല. ബദലിന് ബദൽ നയം വേണം. സാമ്പത്തിക, വർഗീയ വിഷയങ്ങിൽ കോൺഗ്രസ്സിന് ബദൽ നയമില്ലെന്നാണ് ആക്ഷേപം.
സിൽവർലൈൻ ഇപ്പോഴല്ലെങ്കിൽ എപ്പോൾ ?
സിൽവർലൈൻ ഇക്കാലത്തല്ലെങ്കിൽ പിന്നെ എപ്പോൾ നടക്കുമെന്നും പിണറായി കാസർകോട് ചോദിച്ചു. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കിൽ അത് നടപ്പാക്കാനാണ് സർക്കാർ. പദ്ധതി നടപ്പിലാക്കാനാവില്ല എന്ന മുഷ്ക്ക് അംഗീകരിച്ച് കൊടുക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
കെ- റെയിൽ വിഷയത്തിൽ യുഡിഎഫിൻ്റെത് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നാണ് കോടിയേരിയുടെ നിലപാട്. പദ്ധതി പ്രദേശത്ത് പുറത്ത് നിന്ന് ആളുകളെത്തിയാണ് പ്രതിഷേധിക്കുന്നത്. ഒരു വിഭാഗം മാധ്യമങ്ങളും എതിർപ്പുമായി രംഗത്തുണ്ടെന്ന് കോടിയേരി പറയുന്നു.
