തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാന്‍ ഇടയായ സംഭവത്തില്‍ കര്‍ക്കശ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. ജീവന്‍ പണയം വച്ചും  അതിസാഹസികമായി ലഹരി മരുന്ന് കള്ളക്കടത്തുകാരനെ പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 

വെടിയേറ്റ ഇൻസ്പെക്ടർ മനോജിന്റെ ചികിത്സയ്ക്ക് ആവശ്യമായ  എല്ലാ കാര്യങ്ങളും ചെയ്യാൻ അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മയക്കുമരുന്നു കടത്തുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു എന്നത് അതീവ ഗൗരവമുള്ള അവസ്ഥയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. ലഹരി വ്യാപനത്തിന് എതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.