തിരുവനന്തപുരം: സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുഞ്ഞനന്തനെ പിണറായി വിജയനും ഇ പി ജയരാജനും കോടിയേരിയും കഴിഞ്ഞയാഴ്ച ആശുപത്രിയിലെത്തി കണ്ടിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യമെടുത്തായിരുന്നു കുഞ്ഞനന്തന്‍ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മൃതദേഹം നാളെ രാവിലെ എട്ട് മണി മുതൽ ഒൻപത് മണി വരെ പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 9.30 മുതൽ 11 മണി വരെ പാറാടും പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്‌കാരം. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായി.

Also Read:  'യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷി'; കുഞ്ഞനന്തനെ അനുസ്മരിച്ച് കോടിയേരി

ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. അനാരോഗ്യം മൂലം മൂന്ന് മാസത്തേക്ക് ഇദ്ദേഹത്തിന്റെ ശിക്ഷ മരവിപ്പിച്ചിരുന്നു. കേരള ഹൈക്കോടതി മൂന്ന് മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

Also Read: പി കെ കുഞ്ഞനന്തൻ: കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ആ 51 വെട്ടിന് പിന്നിലെ ഒരു കണ്ണി