സുഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോയപ്പോൾ നിമിഷ നേരത്തിനുള്ളിൽ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും,ചെയ്തത് നിർണായകമായി

കോട്ടയം: കോട്ടയത്ത് മണ്ണിടിഞ്ഞു അപകടത്തിൽ പെട്ട അതിഥി തൊഴിലാളി സുശാന്തിന്‍റെ ജീവൻ രക്ഷിച്ച എല്ലാവരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ആദ്യം മണ്ണിടിഞ്ഞ് അപകടത്തിൽ പെട്ട സുഷാന്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണപ്പോൾ നടത്തിയ കൃത്യമായ ഇടപെടലാണ് ജീവൻ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സുഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോയപ്പോൾ നിമിഷ നേരത്തിനുള്ളിൽ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുകൾഭാഗത്ത് കവചം തീർത്ത് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്ത ഫയർഫോഴ്‌സിനും പൊലീസിനും ഒപ്പം നിന്ന നാട്ടുകാർക്കും സ്നേഹപൂർവം അഭിനന്ദനം അറിയിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

കോട്ടയം മറിയപ്പള്ളി കാവനാൽകടവിൽ മണ്ണിടിഞ്ഞു അപകടത്തിൽ പെട്ട അതിഥി തൊഴിലാളി സുശാന്തിനെ രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്താൻ സാധിച്ചു. ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു. നിമിഷ നേരത്തിനുള്ളിൽ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് സുശാന്തിന് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ മുകൾഭാഗത്ത് കവചം തീർത്ത് രക്ഷാപ്രവർത്തനം തുടരുകയുമാണുണ്ടായത്. ഫയർഫോഴ്‌സും പൊലീസും, നാട്ടുകാരും ചേർന്ന സംയുക്തമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുശാന്തിനെ രക്ഷപ്പെടുത്താൻ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നിൽ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു.

മണിക്കൂറുകളോളം മണ്ണിനടിയിൽ, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ, ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

അതേസമയം ബംഗാൾ സ്വദേശി സുശാന്ത് രാവിലെ 9.30ഓടെയാണ് ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വലിയ പരിക്കുകൾ ഇല്ലാതെയാണ് സുശാന്തിനെ പുറത്തെടുത്തത്. പ്രാഥമിക ചികിൽസ നൽകിയ ശേഷം സുഷാന്തിനെ ആശുപത്രിയിലേക്ക് മാറ്റി.