Asianet News MalayalamAsianet News Malayalam

Pinarayi : എയിംസ് പട്ടികയിൽ പണ്ട് പണ്ടേയുണ്ട്, അനർഹത എന്ത്? കേരളം എന്ന പേരോ? എണ്ണിയെണ്ണി ചോദിച്ച് മുഖ്യമന്ത്രി

എയിംസിനായുള്ള പട്ടികയിൽ കേരളം പണ്ട് പണ്ടേ ഉണ്ട്. എന്താണ് അനർഹത, കേരളം എന്ന പേരാണോ..? മുഖ്യമന്ത്രി ചോദിച്ചു

cm pinarayi vijayan demands AIIMS in kerala, seek help of modi government
Author
Thiruvananthapuram, First Published Nov 30, 2021, 8:56 PM IST

തിരുവനന്തപുരം: കേരളത്തിന് എയിംസ് (AIIMS) എന്ന ആവശ്യം ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് (Chief Minister Pinarayi Vijayan). കേന്ദ്ര സർക്കാരിന്‍റെ (Modi Government) അവഗണനയുടെ ഭാഗമായാണ് കേരളത്തിൽ എയിംസ് ഇല്ലാത്തതിന് കാരണമെന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് ധർണയിലായിരുന്നു മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്‍റെ അവഗണനകൾ എണ്ണിയെണ്ണി പറഞ്ഞത്.

അത്യാന്താധുനിക ചികിത്സാ സംവിധാനങ്ങളുള്ള എയിംസ് എന്തുകൊണ്ടാണ് കേരളത്തിലില്ലാത്തത്? എയിംസിനായുള്ള പട്ടികയിൽ കേരളം പണ്ട് പണ്ടേ ഉണ്ട്. എന്താണ് അനർഹത, കേരളം എന്ന പേരാണോ..? മുഖ്യമന്ത്രി ചോദിച്ചു. എയിംസ് തരാത്തത് നീതികേടാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിനായി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടെന്നും വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രി നല്ല രീതിയിലാണ് പ്രതികരിച്ചതെന്നും പിണറായി കൂട്ടിച്ചേർത്തു. നിക്ഷിപ്ത താൽപര്യക്കാരുടെ ഇടപെടൽ പല പദ്ധതികൾ വൈകിപ്പിക്കുന്നുവെന്നും സംസ്ഥാനത്തിന് സംതൃപ്തമായ രീതിയിൽ മുന്നോട്ട് പോകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് ധർണയിൽ കേന്ദ്രത്തിനും സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികൾക്കുമെതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന്റെ വികസനത്തിനെതിരെ പ്രവർത്തിക്കുന്ന അവിശുദ്ധ സഖ്യത്തിൽ ബിജെപിയുമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

കെ റെയിൽ ഹരിത പദ്ധതി, കേരളത്തെ ഞെക്കിക്കൊല്ലാൻ കേന്ദ്ര നീക്കം; മോദിയെ കാണുമെന്നും മുഖ്യമന്ത്രി

കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. 49% ഓഹരി കേന്ദ്രവും 51% ഓഹരി സംസ്ഥാനവും എടുത്തുകൊണ്ട് കമ്പനി രൂപീകരിച്ചു. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാനാവും. തൊഴിൽ സാധ്യത നോക്കിയാലും വലിയ പദ്ധതിയാണ്. ഇതിനെല്ലാം തുകകൾ വകയിരുത്തിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കുമ്പോ സ്വാഭാവികമായി പ്രയാസമുണ്ടാകാറുണ്ട്. ഭാവി കണക്കാക്കിയുള്ള പദ്ധതിയാണിത്. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോടെത്താം. ഇപ്പോൾ 12 മണിക്കൂറിലധികം വേണം. നാടിന്റെ മുഖച്ഛായ തന്നെ മാറും. അത് നടപ്പാക്കുമ്പോൾ എടുക്കുന്ന ഭൂമിക്ക് വേണ്ടി വകയിരുത്തിയത് 7025 കോടി രൂപയാണ്. കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകും. 4460 കോടി അതിനായും നീക്കിവെച്ചു. പുനരധിവാസത്തിന് 1730 കോടി രൂപയും നീക്കിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

 

ന്യായമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുകയാണ്.  പദ്ധതി പരിസ്ഥിതിയെ ബാധിക്കുമെന്ന് പറയുന്നു. ഇത് സമ്പൂർണ ഹരിത പദ്ധതിയാണ്. പൂർണമായി പരിസ്ഥിതിയെ സംരക്ഷിക്കും. ആളുകൾ മാത്രമല്ല, ചരക്ക് നീക്കവും നടക്കും. കാർബൺ ബഹിർഗമനത്തിൽ വലിയ കുറവുണ്ടാകും. പരിസ്ഥിതി ലോല പ്രദേശത്തിലൂടെ കടന്ന് പോകില്ല. വന്യജീവി മേഖലയിലൂടെയും കടന്ന് പോകില്ല. പുഴകൾ, അരുവികൾ ഒന്നിന്റെയും ഒഴുക്ക് തടയില്ല. പ്രളയത്തിലെ ഏറ്റവും ഉയർന്ന ജല നിലവാരത്തിലും ഉയർന്ന രീതിയിലാണ് പാത പോവുക. നെൽപാടങ്ങളെ ഇല്ലാതാക്കില്ല, തൂണുകളിലൂടെയാണ് പോവുക. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് പാത. 

രാജധാനി എക്സ്പ്രസ് പോലും പോലും 55 കിമീ ശരാശരി വേഗതയിലാണ് കേരളത്തിലോടുന്നത്. 666 വളവുകളുണ്ട്. 200 കിമീ വേഗതയിലാണ് പുതിയ പദ്ധതി. എന്തിനാണ് ഇതിനെതിരെ രംഗത്ത് വരുന്നത്? എന്താണതിന്റെ ഉദ്ദേശം? ഇപ്പോൾ നടക്കരുതെന്നാണ് അവരുടെ നിലപാട്. പിന്നെ എപ്പോ? തുരങ്കം വെക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ചില പ്രതിഫലനം കേന്ദ്രത്തിലും കാണുന്നുണ്ട്. ചിലർ മുടക്ക് ന്യായം ഇപ്പോൾ പറയുന്നു. നഷ്ടം ആര് വഹിക്കും എന്നാണ് ചോദ്യം. സംസ്ഥാനം തന്നെ ഏറ്റെടുക്കും എല്ലാ ബാധ്യതയും. കൂടുതൽ ചർച്ച നടത്താമെന്ന നിലപാട് കേന്ദ്ര റെയിൽ മന്ത്രി സ്വീകരിച്ചിട്ടുണ്ട്. നേരത്തെയുള്ള നിലപാട് ഇപ്പോൾ മാറിയിട്ടുണ്ട്. ഈ പദ്ധതിയെ തുരങ്കം വെക്കാനാഗ്രഹിക്കുന്ന ശക്തികൾക്ക് കുറച്ച് സന്തോഷമായിട്ടുണ്ട്. പക്ഷേ വികസനപദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കണ്ട് ഈ പ്രശ്നം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിപാതയിലും ശങ്ക തുടരുകയാണ്. പോസിറ്റീവായി ഒന്നും കേൾക്കുന്നില്ല. വലിയ സൗകര്യമാണ് ശബരിമലയിലൊരു വിമാനത്താവളം വഴിയുണ്ടാവുക. കുറച്ച് എതിരായ നീക്കങ്ങൾ കാണുന്നു. സർക്കാർ ആ പദ്ധതി നടപ്പാക്കാൻ മുന്നോട്ട് പോകുന്നു. സബർബൻ പാതയെക്കുറിച്ച് മിണ്ടുന്നേയില്ല. മൈസൂരിലേക്കുള്ള റെയിൽ കണക്ടിവിറ്റി പ്രധാനപ്പെട്ടതാണ്. അത് പെട്ടെന്ന് നടപ്പാക്കാവുന്നതാണ്. എന്നാൽ വലിയ പ്രതികരണം കേന്ദ്രത്തിന്റെയും റെയിൽവെയുടെയും ഭാഗത്ത് നിന്നില്ല.

കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തുന്നു, വികസന മുന്നേറ്റങ്ങൾ ദുർബലപ്പെടുത്തുന്നു; എ വിജയരാഘവൻ

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾ അങ്ങനെ അധികം ഇറങ്ങണ്ടെന്ന് തീരുമാനമെടുക്കുന്നു. എല്ലാ വിമാനത്തിനും ഇറങ്ങാം കേരളമായത് കൊണ്ട് വേണ്ട എന്നതാണ് കേന്ദ്ര നിലപാട്. ഞെക്കിക്കൊല്ലാനുള്ള പരിപാടിയാണ്. സംസ്ഥാന സർക്കാർ എടുത്തുകൊടുത്ത ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം. സ്വന്തം ആളുണ്ട് നടത്തിപ്പിനെന്ന് കേന്ദ്രം പറയുന്നു. എയിംസ് കേരളത്തിലില്ല. പണ്ട് പണ്ടേ പട്ടികയിലുണ്ട്. എന്താണ് അനർഹത, കേരളം എന്ന പേരാണോ? ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടു. നല്ല രീതിയിലാണ് പ്രതികരിച്ചത്. നിക്ഷിപ്ത താൽപര്യക്കാരുടെ ഇടപെടൽ പദ്ധതികൾ വൈകിപ്പിക്കുന്നു. എയിംസ് തരാത്തത് നീതികേടാണ്. 

കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും എല്ലാം ഒരേ സ്വരത്തിൽ കേരളത്തിന്റെ വികസനത്തിനെതിരെ സംസാരിക്കുന്നു. എല്ലാം എതിർക്കുക എന്ന നിലപാടാണ് ചിലർക്ക്. അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. തടസ്സമായി വരുന്നത് വിഭവ ശേഷിയാണ്. പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരാറുണ്ട്. അതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്താനുള്ള ശ്രമമാണ് കിഫ്ബി. 50000 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ ശ്രമിച്ചു. 50000 കോടിക്ക് പകരം 60000 കോടി രൂപയുടെ രൂപരേഖ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മുന്നോട്ട് കുതിക്കുന്നതിനെ ചിലർ എങ്ങനെ കാണുന്നു എന്ന് നോക്കണം. എൽഡിഎഫിനെ ത‌ാഴെയിറക്കാൻ ചില നിക്ഷിപ്ത ശക്തികൾ കൈ കോർത്തു. യുഡിഎഫും ബിജെപിയും വെൽഫയർ പാർട്ടിയും എല്ലാം ഒന്നായി നിന്നു. കേന്ദ്ര ഏജൻസികളെ പലതിനെയും നെറികെട്ട രീതിയിൽ ഉപയോഗിച്ചു. വിചാരിച്ച രീതിയിൽ കാര്യങ്ങളെത്തിക്കാൻ എന്ത് നെറികേടും കാണിക്കാൻ മുൻകൈയെടുക്കും എന്ന് മനസിലായി. ഇവിടെ തീർന്നു എൽഡിഎഫ് എന്ന് അവർ കരുതി. അഞ്ച് വർഷം തീരുമ്പോൾ എൽഡിഎഫ് പോകും എന്ന് കരുതി. പക്ഷേ ജനങ്ങൾ ഒരു തീരുമാനമെടുത്തിരുന്നു. കുപ്രചാരണം ജനങ്ങളെ ബാധിച്ചില്ല. എൽഡിഎഫിനെ അവർ സ്വീകരിക്കുകയാണ് ചെയ്തത്. കേരളത്തിലെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അടച്ച്പൂട്ടാൻ നോക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് അങ്ങനെയൊന്ന് വേണ്ട അത് തന്നെ ന്യായമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios