ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്തു. പട്ടയ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. കര്‍ഷകരുടെ ഭൂമിക്കുള്ള പട്ടയ നടപടികള്‍ തുടര്‍ പ്രക്രിയയാണെന്നും ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് പതിറ്റാണ്ടിലധികമായി ഇടുക്കി കഞ്ഞിക്കുഴിയില്‍ കുടിയേറിപ്പാര്‍ത്ത കര്‍ഷകര്‍ക്കാണ് കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന പട്ടയമേളയില്‍ മുഴുവന്‍ ക്ഷകരുടെയും കൈവശ ഭൂമിക്ക് പട്ടയം നല്‍കുമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ എച്ച് ദിനേശന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ പട്ടയ നടപടികള്‍ക്ക്  പുരോഗതിയുണ്ടായത്.

ഇടുക്കി താലൂക്കില്‍പ്പെട്ട കഞ്ഞിക്കുഴി വില്ലേജിലെ 47 നമ്പര്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ കര്‍ഷകരുടെ ഭൂമിക്കാണ് പട്ടയം നല്‍കിയത്. പട്ടയ മേളയില്‍  റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.