ശക്തമായ പ്രതിഷേധം തുടരുമ്പോഴും മാധ്യമ പ്രവർത്തകർക്കെതിരെ തുടർച്ചയായി കേസുകൾ എടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ദുബൈ: മാധ്യമ വേട്ടയിൽ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ പ്രതിഷേധം തുടരുമ്പോഴും മാധ്യമ പ്രവർത്തകർക്കെതിരെ തുടർച്ചയായി കേസുകൾ എടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ദുബൈയിൽ വെച്ച് വിഷയത്തില്‍ മാധ്യമ പ്രവർത്തകർ പിണറായി വിജയന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസിനെ വീണ്ടും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി രം​ഗത്തെത്തി. മാധ്യമങ്ങളോടുള്ള സിപിഎമ്മിൻ്റെ ഇരട്ടനിലപാട് ദേശീയതലത്തിൽ പോലും ചോദ്യം ചെയ്യുമ്പോഴും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് കുലുക്കമില്ല. ദേശീയ തലത്തിലടക്കം‌ വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും ഗൂഢാലോചന പരാതിയിലാണ് കേസെന്ന് പറഞ്ഞാണ് പൊലീസിനെ എം വി ഗോവിന്ദൻ പിന്തുണക്കുന്നത്. 

എന്ത് ഗൂഢാലോചനയാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ നടത്തിയതെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് എഫ്ഐആർ അടിസ്ഥാനമാക്കിയാണ് പ്രതികരണം എന്ന് പറഞ്ഞാണ് എംവി ഗോവിന്ദൻ്റെ ഒഴിഞ്ഞുമാറൽ. ആർഷോയുടെ പരാതിയിൽ ഒരു പരിശോധന പോലും നടത്താതെ റിപ്പോർട്ടറെ പ്രതി ചേർത്ത പൊലീസ് നടപടിക്ക് പാർട്ടിയുടെ ആവർത്തിച്ചുള്ള പിന്തുണ. സർക്കാറിനെ വിമർശിച്ചാൽ ഇനിയും കേസെടുക്കുമെന്ന ഭീഷണിയിൽ വീണ്ടും സംസ്ഥാന സെക്രട്ടറി മലക്കം മറിഞ്ഞു.