Asianet News MalayalamAsianet News Malayalam

KSRTC Swift: പുതിയ റൂട്ടിലോടാൻ കെഎസ്ആർടിസി; സ്വിഫ്റ്റ് സർവ്വീസുകൾക്ക് ആരംഭം

ജീവനക്കാരുടെ പ്രതികരണം സ്വാഭാവികമാണെന്നും, ധനവകുപ്പിനോട് അധിക സഹായം തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആൻറണി രാജു വ്യക്തമാക്കി

CM Pinarayi Vijayan Flagged off Swift services
Author
Trivandrum, First Published Apr 11, 2022, 8:00 PM IST

തിരുവനന്തപുരം: ദീർഘദൂര ബസ്സുകൾക്കായുള്ള പുതിയ സംരഭമായ കെഎസ്ആർടിസി സ്വിഫ്റ്റിൻറെ സർവ്വീസുകൾക്ക് തുടക്കമായി. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ഉദ്ഘാടന ചടങ്ങ് ഭരണാനുകൂല സംഘടനയടക്കം ബഹിഷ്കരിച്ചു(KSRTC Swift Begins Service). ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചാണിത്. ജീവനക്കാരുടെ പ്രതികരണം സ്വാഭാവികമാണെന്നും, ധനവകുപ്പിനോട് അധിക സഹായം തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആൻറണി രാജു വ്യക്തമാക്കി.

സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ പുതുയുഗത്തിൻ്റെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീർഘദൂര  സർവ്വീസുകൾക്കായി സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സർക്കാർ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം. ഇതിൽ 8 എസി സ്ളീപ്പറും, 20 എസി  സെമി സ്ളീപ്പറും ഉൾപ്പെടുന്നു.

കെഎസ്ആർടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് INTUC, BMS ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ചടങ്ങ് ബഹിഷ്കരിച്ചു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനവും സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയും ചടങ്ങിൽ നിന്ന് വിട്ടു നിന്നു. വിവാദങ്ങളെക്കുറിച്ച് ഒന്നും പറയാതെ,  ആശംസകൾ രണ്ട് വാചകങ്ങളിലൊതുക്കി മുഖ്യമന്ത്രി ഫ്ളാഗ് ഓഫിനു ശേഷം വേദി വിട്ടു. 

ശമ്പളം വിതരണം വൈകുന്നതിൽ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത് സുരക്ഷാ ക്രമീകരണത്തിലാണ് കെ സ്വിഫ്റ്റ് ഉദ്ഘാടന ചടങ്ങ് നടന്നത്. യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായി നിരക്ക് എന്നിവ കെഎസ്ആർടിസി സ്വിഫ്റ്റ് ഉറപ്പ് നൽകുന്നു. കരാർ ജീവനക്കാരാണ് കെ സ്വിഫ്റ്റിലുള്ളത്. പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കേസിൽ കോടതിവിധിയുടെ അടിസഥാനത്തിലായിരിക്കും കെ സ്വിഫ്റ്റിൻറെ ഭാവി.

Follow Us:
Download App:
  • android
  • ios