തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ,തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് നിരീക്ഷണത്തിലേക്ക് മാറുക.

രണ്ടു ദിവസം മുമ്പു ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ ഐസക് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഒപ്പം പങ്കെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത മറ്റ് പാർട്ടി നേതാക്കളും  നിരീക്ഷണത്തിലേക്ക് മാറും.

ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകുന്നത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ധനമന്ത്രിക്ക് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറിയിൽ ഇദ്ദേഹത്തെ താമസിപ്പിക്കും. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇത് പരിശോധിക്കും. പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും. മന്ത്രിയെ പരിശോധിക്കാൻ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.