ബജറ്റിൽ ഏര്‍പ്പെടുത്തിയ അധിക നികുതികൾക്കെതിരെ പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ആഞ്ഞടിക്കുന്ന കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവുമൊടുവിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 9 നായിരുന്നു അത്
തിരുവനന്തപുരം: മുഖ്യമന്ത്രി അവസാനമായി വാർത്താ സമ്മേളനം വിളിച്ചിട്ട് ഇന്ന് 150 ദിവസം പിന്നിടുന്നു. വിവാദങ്ങളും വികസന നേട്ടങ്ങളും വിദേശ യാത്രയും അടക്കം അവസരങ്ങൾ ഏറെ ഉണ്ടായിട്ടും മാധ്യമ പ്രവര്‍ത്തര്‍ക്ക് മുന്നിലെത്താതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനങ്ങളിലെ പ്രസംഗങ്ങളിലും പതിവ് വാര്‍ത്താക്കുറിപ്പുകളിലേക്കും മാത്രമായി പ്രതികരണം ഒതുക്കുകയാണ് മുഖ്യമന്ത്രി. ബജറ്റിൽ ഏര്‍പ്പെടുത്തിയ അധിക നികുതികൾക്കെതിരെ പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ആഞ്ഞടിക്കുന്ന കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവുമൊടുവിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 9 നായിരുന്നു അത്.
മുഖ്യമന്ത്രിയുടെ പ്രതികരണം തേടാവുന്നതും മുഖ്യമന്ത്രി മറുപടി പറയേണ്ടതുമായ പല സന്ദര്‍ഭങ്ങൾ അന്ന് മുതലിന്നോളം കേരളത്തിലുണ്ടായിട്ടുണ്ട്. റോഡിലെ ക്യാമറ വച്ചതിലും കെ ഫോൺ പദ്ധതി നടത്തിപ്പിലും അഴിമതി ആരോപണം വലിച്ചിട്ട പ്രതിപക്ഷം അത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിലേക്കും വീട്ടിനത്തേക്കുമെല്ലാം എത്തിച്ചിരുന്നു, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്താൻ പ്രതിപക്ഷം വെല്ലുവിളിക്കുക കൂടി ചെയ്തിട്ടും മുഖ്യമന്ത്രി വന്നില്ല. പകരം പ്രതികരണം ഇ പൊതുവേദിയിൽ ഒതുക്കി
സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക നേട്ടങ്ങളും ഭാവി പദ്ധതികളും സുദീര്‍ഘങ്ങളായ കുറിപ്പുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചത്. ബോട്ട് ദുരന്തം ഉണ്ടായ താനൂരിൽ എത്തിയ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്നെങ്കിലും അന്നത്തെ പ്രതികരണം ദുരന്തത്തെ കുറിച്ച് മാത്രമായിരുന്നു. ഇതിടെ വ്യാജരേഖ കേസ് വന്നു എസ്എഫ്ഐ പ്രതിരോധത്തിലായി. കെപിസിസി പ്രസിഡന്റ് അടക്കം പ്രതിപക്ഷ നേതാക്കൾക്കും എതിരെ കേസു വന്നു. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു, സമാനതകളില്ലാത്ത നടപടികൾ പൊലീസിൽ നിന്ന് ഉണ്ടായിട്ടും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രതികരണം കാത്തെങ്കിലും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വന്നതുമില്ല, മിണ്ടിയുമില്ല.
ഏറ്റവും ഒടുവിൽ അമേരിക്ക ക്യൂബ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി വിദേശ പര്യടന വിവരങ്ങൾ വിശദീകരിക്കാനുള്ള പതിവ് വാര്‍ത്താസമ്മേളം പോലും മുഖ്യമന്ത്രി ഒഴിവാക്കി. അനാരോഗ്യമെന്നാണ് വിശദീകരണം. നേരത്തെ മൻ കി ബാത്തല്ല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു ഡിവൈഎഫ്ഐ. ഇതിനിടെയാണ് പ്രോഗ്രസ് കാർഡിറക്കി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ പോലും മാധ്യമങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അകന്ന് മാറി പോകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

