ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്ത് തൂക്കം നോക്കിയെന്നാണ് പറയുന്നത്. ഒരു പവന്‍ മാലയുടെ തൂക്കമാണ് അവര്‍ നോക്കിയത്. അതാണോ വലിയ കുറ്റമെന്നും മുഖ്യമന്ത്രി ചോദിച്ചു.

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കില്‍ സീനിയര്‍ മാനേജര്‍ ആയി റിട്ടയേര്‍ഡ് ചെയ്തയാള്‍ക്ക് അതേ ബാങ്കില്‍ ലോക്കറു്ണ്ടായി എന്നതില്‍ ആശ്വര്യപ്പെടാന്‍ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്ത് തൂക്കം നോക്കിയെന്നാണ് പറയുന്നത്. ഒരു പവന്‍ മാലയുടെ തൂക്കമാണ് അവര്‍ നോക്കിയത്. അതാണോ വലിയ കുറ്റമെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ബോധപൂര്‍വ്വം അപവാദങ്ങള്‍ പ്രചരിപ്പുക്കുകയും ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയുമാണ് ചെയ്യുന്നത്. വസ്തുത മറ്റൊരു ഭാഗത്തുണ്ടാകും. ജയരാജന്റെ മകന് സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷുമായി ബന്ധമുണ്ടെന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര സ്വര്‍ണ്ണമെടുത്തതെന്നാണ് മറ്റൊരു ആരോപണം. ഇതും ലോക്കറില്‍ നിന്ന് സ്വര്‍ണ്ണമെടുത്തതും തമ്മില്‍ എന്തുബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ പരാതികള്‍ ചെല്ലുമ്പോള്‍ അവര്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അന്വേഷണ ഏജമന്‍സികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ പോയെന്ന് അരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം