അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്നത് ഏകപക്ഷീയമായ ആക്രമണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അമേരിക്കൻ സാമ്രാജ്യത്വത്തിനു നേരും നെറിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയുടെ പിന്തുണയുള്ളതുകൊണ്ട് ന്യായം നോക്കേണ്ടതില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഇറാനെതിരെ ഇരു രാഷ്ട്രങ്ങളും ചേർന്ന് നടത്തുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.
സിഐടിയു ചുമട്ടു തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിന്മയുടെ പ്രതീകമായി തൊഴിലാളികളെയും നന്മയുടെ പ്രതീകമായി മുതലാളിമാരെയും ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ വിമർശിച്ചു. തൊഴിലാളികൾ നല്ലത് ചെയ്താലും കുറ്റം പറയുന്ന അവസ്ഥയാണ്. മുതലാളിത്ത മനോഭാവമുള്ള മാധ്യമങ്ങൾക്കും അതിൽ പങ്കുണ്ട്. രാജ്യത്ത് ദാരിദ്ര്രുടെ എണ്ണം കൂടുന്നുവെന്നും ഒരു വിഭാഗം മാത്രം തടിച്ചു കൊഴുക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന്റെ നയമാണ് കാരണമെന്നും കുറ്റപ്പെടുത്തി.


