തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന പേമാരിക്ക് നേരിയ തോതില്‍ ശമനം. അണക്കെട്ടുകളുടെ സ്ഥിതിയിലും ആശങ്ക അകലുന്നതായാണ് വ്യക്തമാകുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അറിയിച്ചു. കാലവര്‍ഷക്കെടുതിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളുടെ സ്ഥിതിയെക്കുറിച്ചുള്ള കണക്കുകളും മുഖ്യമന്ത്രി നിരത്തി.

ഇടുക്കി 36.61 ശതമാനം, പമ്പ 63.36 ശതമാനം, കക്കി 38.13 ശതമാനം എന്ന അവസ്ഥയിലാണെന്ന് പിണറായി വ്യക്തമാക്കി. കുറ്റാടി, ബണാസുര സാഗര്‍, പെരിങ്കല്‍ കുത്ത് എന്നിവിടങ്ങളിലാണ് ഇക്കുറി പ്രധാനമായും വെള്ളം നിറഞ്ഞിട്ടുള്ളത്. ചെറിയ തോതില്‍ ആശങ്ക ഉയര്‍ന്നതും ഈ അണക്കെട്ടുകളെ സംബന്ധിച്ചായിരുന്നു.

പെരിങ്കൽ കുത്തില്‍ കഴിഞ്ഞ തവണ ഈ സമയത്ത് 90.47 ശതമാനം വെള്ളമുണ്ടായിരുന്നു. വൈദ്യുതി ബോര്‍ഡിന്‍റെ പ്രധാനപ്പെട്ട എട്ട് അണക്കെട്ടുകളും കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ നിറഞ്ഞിരുന്നതായും മുഖ്യമന്ത്രി വിവരിച്ചു. ജലവിഭവ വകുപ്പിന്‍റെ 5 ഇടത്തരം അണക്കെട്ടുകളുടെയും 3 ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.