Asianet News MalayalamAsianet News Malayalam

കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ല, പിന്നിൽ നിഗൂഢ അജണ്ട; പ്രകോപിതരാകരുതെന്ന് സിപിഎമ്മുകാരോട് മുഖ്യമന്ത്രി

പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചു

CM Pinarayi Vijayan on Pazhayangadi CPIM workers attack on Youth congress kgn
Author
First Published Nov 20, 2023, 7:06 PM IST

കണ്ണൂർ: നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയങ്ങാടിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും സിപിഎം പ്രവർത്തകരോട് പ്രകോപിതരാകാൻ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താൻ വരുന്നവർക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കരിങ്കൊടി കാണിച്ചവരുടെ ഉദ്ദേശം വേറെയാണെന്ന് പിണറായി വിജയൻ പറഞ്ഞു. തങ്ങൾ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബസിന് മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടി വീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്ത് സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചുവെന്നും കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഗൂഢ അജണ്ടയുമായി വരുന്നവരാണ് പ്രതിഷേധം നടത്തുന്നത്. ആരും പ്രകോപിതർ ആകരുത്. പ്രകോപനം സൃഷ്ടിക്കലാണ് ലക്ഷ്യം. ആരും പ്രകോപനത്തിൽ വീഴരുതെന്നും ഇതുപോലെ പലതും അനുഭവിച്ചാണ് നാം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം അരങ്ങേറിയത്. ഇവരെ സിപിഎം പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചു. യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ മർദ്ദനം. ഒരാളെ പത്തിലധികം വരുന്ന സിപിഎം പ്രവർത്തകർ നിലത്തിട്ട് ചവിട്ടി.  പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പരിക്കേറ്റ എഴ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

Follow Us:
Download App:
  • android
  • ios