പാരിപ്പളളി പരവൂര്‍ റോ‍ഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന വയോധികയ്ക്കെതിരെ പൊലീസ് നടപടിയുണ്ടായെന്ന ആരോപണത്തിൽ വലിയ ചര്‍ച്ചയാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്

തിരുവനന്തപുരം: പാരിപ്പള്ളിയിൽ മത്സ്യ കച്ചവടം നടത്തിയ സ്ത്രീയുടെ കയ്യിൽ നിന്നും പൊലീസ് മത്സ്യം തട്ടിപ്പറിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി സഭയിൽ. ചില പ്രാദേശിക മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കൊല്ലം പാരിപ്പളളിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ മല്‍സ്യതൊഴിലാളിയുടെ പക്കലുണ്ടായിരുന്ന മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് പൊലീസ് വിശദീകരണം വന്നത്. കൃത്രിമമായി സൃഷ്ടിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന വിശദീകരണമാണ് പൊലീസ് മുന്നോട്ടു വയ്ക്കുന്നത്.

പാരിപ്പളളി പരവൂര്‍ റോ‍ഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന വയോധികയ്ക്കെതിരെ പൊലീസ് നടപടിയുണ്ടായെന്ന ആരോപണത്തിൽ വലിയ ചര്‍ച്ചയാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്. പ്രാദേശിക ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ ചുവടു പിടിച്ച്സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും,സാമൂഹ്യ പ്രവര്‍ത്തകരും പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. 

ഡി കാറ്റഗറി നിയന്ത്രണങ്ങളുളള പാരിപ്പളളിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവോരത്ത് മീന്‍ വിറ്റവര്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്ന കാര്യം പൊലീസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ മീന്‍കുട്ട വലിച്ചെറിഞ്ഞ് മീന്‍ നശിപ്പിച്ചു എന്ന ആരോപണം പൊലീസ് തളളുകയാണ്. പിഴ ചുമത്തിയ നടപടിക്കെതിരെ ആസൂത്രിതമായി ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് പൊലീസ് വാദിക്കുന്നു. ഫെയ്സ്ബുക്കിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമന്‍റിലൂടെയാണ് പൊലീസിന്‍റെ ഔദ്യോഗിക പേജില്‍ നിന്ന് വിശദീകരണം വന്നത്. മീന്‍ ഉപേക്ഷിക്കപ്പെട്ട നിലയിലെ ദൃശ്യങ്ങളല്ലാതെ പൊലീസ് ഇത് എറിയുന്ന ദൃശ്യങ്ങള്‍ ഇല്ല എന്ന കാര്യവും ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona