കൊവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളിൽ 80ലധികം മലയാളികൾ മരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും സഹോദരങ്ങളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. ഏറ്റവുമധികം വേദനിപ്പിക്കുന്ന അനുഭവമാണിത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ആശ്വാസ വാര്‍ത്തയുടെ ദിനത്തില്‍ പ്രവാസി ലോകത്തെ നഷ്ടം വേദനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളിൽ 80ലധികം മലയാളികൾ മരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും സഹോദരങ്ങളെ ഈ രോഗം ബാധിച്ചിട്ടുണ്ട്.

ഏറ്റവുമധികം വേദനിപ്പിക്കുന്ന അനുഭവമാണിത്. കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട എല്ലാ കേരളീയരുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തുടർച്ചയായി രണ്ടാം ദിവസവും കേരളത്തിൽ പുതിയ കൊവിഡ് കേസുകളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിൽ ബാക്കിയുള്ളൂ. ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിൽ. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. 21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്.

ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2431 സാമ്പിളുകൾ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. 1249 ടെസ്റ്റുകൾ ഇന്ന് നടന്നു. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.