വയനാട് ദുരന്തത്തിൽ പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യത്തിലും കേന്ദ്രം പകപോക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ  ടീകോമിന് നൽകുന്നത് ഓഹരി വിലയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം ഖേദകരമാണെന്നും ഇതുവരെ ഒരു രൂപ പോലും പ്രത്യേക ധനസഹായമായി കേരളത്തിൽ നൽകിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിലും കേന്ദ്രം പകപോക്കൽ നടപടി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്മാർട്ട് സിറ്റി പദ്ധതി നിന്നു പോകില്ലെന്നും ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടൽ അല്ല ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയത് കൊണ്ടാണ് വയനാട് ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീർത്തും വസ്തുതാ വിരുദ്ധമാണ്. അതില്‍ കേരളത്തിന്‍റെ പ്രതിഷേധം രേഖപെടുത്തുകയാണ്. 


ടീകോമിന് നൽകുന്നത് ഓഹരി വില, നഷ്ടപരിഹാരമല്ല

സ്മാർട്ട് സിറ്റി പദ്ധതി നിന്നു പോകില്ലെന്നും ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടൽ അല്ല ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് കേരളവും യുഎഇ സർക്കാരും തമ്മിലെ കാര്യമാണ്. സ്ഥലം ഏറ്റെടുക്കലാണ് ലക്ഷ്യം. വിദഗ്ധ സമിതി ഭാവി കാര്യങ്ങൾ തീരുമാനിക്കും. ടീകോം വാങ്ങിയ ഓഹരി വില ആണ് മടക്കി നൽക്കുന്നത്. അത് നഷ്ട പരിഹാരം അല്ല. ആർക്കും ഭൂമി പതിച്ചു കൊടുക്കില്ല. ഉടമസ്ഥത സർക്കാരിന് തന്നെ ആകും. 246 ഏക്കർ ഭൂമി ഐടി വികസനത്തിന് ഉപയോഗിക്കും. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് കൂടുതൽ കമ്പനികൾ എത്തും ടീകോമിനെ ഒഴിവാക്കിയത് വിശദമായ ചർച്ചക്ക് ശേഷമാണ്. എജി നിയമോപദേശം നൽകി. ടീ കോമിന്‍റെ ഓഹരി കേരള സർക്കാരിന് വാങ്ങാം എന്ന് എജി ഉപദേശിച്ചു. ഓഹരി വില നഷ്ടപരിഹാരമല്ല.

ടീകോമിനുള്ള 84% ഓഹരിക്ക് ഉള്ള വിലയാണ് നൽകുന്നത്. ആർബിട്രേഷന് പോകാത്തത് സമയ നഷ്ടം ഒഴിവാക്കാനാണ്. ടീ കോമിന് നഷ്ടപരിഹാരം നൽകും എന്ന സർക്കാർ ഉത്തരവ് തിരുത്തികൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. നഷ്ടപരിഹാരം അങ്ങോട്ട് നൽകും എന്നായിരുന്നു ഐടി വകുപ്പിന്‍റെ ഉത്തരവ്. മന്ത്രി സഭ യോഗത്തിന്‍റെ വാർത്ത കുറിപ്പും നഷ്ട പരിഹാരം നൽകും എന്നായിരുന്നു. എന്നാൽ നഷ്ടപരിഹാരമല്ലെന്നും ഓഹരി വില മടക്കി നൽകുന്നതാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 


പ്രധാനമന്ത്രി വന്നിട്ട് 100ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും നൽകിയില്ല

കേന്ദ്ര ആഭ്യന്തര മന്ത്രി ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്‍റിനെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുമ്പ് ശ്രമിച്ചു. കേന്ദ്രം ഉരുള്‍ പൊട്ടലിനെ പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന് ചോദ്യമാണ് അന്ന് പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന് അപ്പോള്‍ തന്നെ തെളിവ് സഹിതം വ്യക്തമായി. അന്നത്തേതിന്‍റെ ആവര്‍ത്തനമായി വേണം ഇക്കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്‍റിലെ പ്രസ്താവനയെയും കാണാന്‍. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി ഡി എന്‍ എ) നടത്തി വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.

റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് വൈകിയതുകൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ്. 


പ്രധാന മന്ത്രി കേരളം സന്ദര്‍ശിച്ച സമയത്ത് പി.ഡി.എന്‍.എ സാമ്പത്തിക സഹായം ലഭിക്കുവാന്‍ ഉള്ള ഔദ്യോഗിക രേഖയായി കണക്കാക്കിയിട്ടില്ല എന്നതാണ്. 2024 ആഗസ്റ്റ് 14ന് റിക്കവറി ആന്‍റ് റീകണ്‍സ്ട്രക്ഷന്‍ ഗൈഡ്ലൈന്‍ നിലവില്‍ വന്ന ശേഷം ആദ്യ പി.ഡി.എന്‍.എ ആണ് കേരളം സമര്‍പ്പിച്ചത്. ഈ പ്രക്രിയക്ക് ചുരുങ്ങിയത് മൂന്നു മാസം ആവശ്യമാണ്. ഇതിനായുള്ള ഏറ്റവും ചുരുങ്ങിയ സമയം മാത്രമാണു കേരളം എടുത്തത്.

കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധികളായി എന്‍ഡിഎംഎ യില്‍ നിന്നുള്ള അംഗങ്ങളും കേരളസര്‍ക്കാരിന്‍റെ പ്രതിനിധികളായി കെഎസ്ഡിഎംഎയില്‍ നിന്നുള്ള പ്രതിനിധികളും മറ്റു വിദഗ്ധരും ചേര്‍ന്ന സംഘമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദുരന്തത്തിന്‍റെ വസ്തുതാപരമായ പഠനങ്ങള്‍, ഡാറ്റ അനാലിസിസ്, ഭൂപ്രദേശവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങള്‍, ദുരിതത്തിന്‍റെ ആഴവും വ്യാപ്തിയും, ആകാശ ദൃശ്യങ്ങള്‍ ഇവയെല്ലാം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി പഠനവിധേയമാക്കിയിട്ടുണ്ട്. 583 പേജുള്ള വിശദവും സമഗ്രവുമായ പഠന റിപ്പോര്‍ട്ടാണ് സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ളത്. ഈയൊരു പ്രക്രിയക്ക് എടുക്കുന്ന സ്വാഭാവികമായ കാലതാമസമാണ് മൂന്നുമാസം. 

സമര്‍പ്പിച്ച മെമ്മോറാണ്ട പ്രകാരം അടിയന്തരസഹായം അനുവദിച്ചില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന വിഷയം. എന്നാല്‍ ആ ആക്ഷേപത്തെ മറികടക്കുന്നതിനാണ് പിഡിഎന്‍എ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നത്. പി.ഡി.എന്‍.എ യില്‍ നിന്നും പുനര്‍ നിര്‍മ്മാണ ഫണ്ട് ആണ് കേരളം ആവശ്യപ്പെടുന്നത്. ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വയനാടിന്‍റെ അത്രയും തീവ്രത ഇല്ലാത്ത ദുരന്തങ്ങള്‍ ഉണ്ടായിട്ടും വളരെ വേഗത്തിലാണ് കേന്ദ്ര സഹായം ലഭ്യമാക്കിയത്.

മേപ്പാടിയിലെ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളിയിട്ടുമില്ല.കേന്ദ്ര സര്‍ക്കാര്‍ ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാല്‍, (എല്‍ 3 കാറ്റഗറി) രാജ്യത്താകെയുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി എം പി ലാഡ് ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വരെ ലഭ്യമാക്കാന്‍ കഴിയും. പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിന് തയ്യാറാകാതെ വയനാടിനേയും ദുരന്തബാധിതരേയും കടുത്ത രീതിയില്‍ അവഗണിക്കുന്ന മനോഭാവമാണ് കേന്ദ്രസര്‍ക്കാരിന്‍റേത്. 

തൊടുന്യായങ്ങള്‍ പറഞ്ഞ് സഹായം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിഡിഎന്‍ എ റിപ്പോര്‍ട്ട് വൈകിയെന്ന വിചിത്രമായ വാദം. ഇത്തരം സമീപനം അവസാനിപ്പിച്ച് മുണ്ടക്കൈ - ചൂരല്‍മല പ്രദേശത്തെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും പുനരധിവാസം വേഗത്തിലാക്കാനുമുള്ള സഹായം ഉടന്‍ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോടാവശ്യപ്പെടുകയാണ്.വയനാട്ടില്‍ എല്ലാം നഷ്ടമായ ആളുകള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അധിക ധനസഹായം ആവശ്യപ്പെടുന്നത്.

വിഴിഞ്ഞത്തും കേന്ദ്രത്തിന്‍റേത് പകപോക്കൽ സമീപനം

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണ്.വിജിഎഫുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നല്‍കിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അയച്ച കത്തിലാണ് ഇതുള്ളത്. നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തില്‍ പുലര്‍ത്തി വന്ന നയത്തില്‍ നിന്നുള്ള വ്യതിയാനം ആണ് ഈ തീരുമാനം. വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്‍റായി നല്‍കുന്നതാണ്. വായ്പയായി പരിഗണിക്കേണ്ടതല്ല. വിജിഎഫ് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി നല്‍കാന്‍ തീരുമാനിച്ചതാണ്.

കേന്ദ്ര വിഹിതമാണ് 817.80 കോടി രൂപ. സംസ്ഥാന വിഹിതം 817.20 കോടി രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോര്‍ട്ട് കമ്പനിക്ക് നല്‍കും. കേന്ദ്രം നല്‍കുന്ന തുക വിഴിഞ്ഞം അന്താരാഷ്ട തുറമുഖ കമ്പനിക്ക് (വിസില്‍) ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോള്‍ അതിന്‍റെ ഇരുപതു ശതമാനം വെച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണം എന്നതാണ് വ്യവസ്ഥ വെച്ചിരിക്കുന്നത്. അതിനര്‍ത്ഥം ഇപ്പോള്‍ നല്‍കുന്ന തുക 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിന്‍റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 - 12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ്.

കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിനു നല്‍കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്‍റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന്‍റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്.വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ വേണം എന്നാണ് വിചിത്രമായ നിബന്ധന. രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമ്പോഴാണ് സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്.

ഈ വിഷയത്തിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍ മറുപടിയില്‍ വിഴിഞ്ഞത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത് ഗ്രാന്‍റ് അല്ല മറിച്ച് വായ്പ്പ ആണെന്ന് വ്യക്തമാക്കുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പ്രോജക്റ്റിന് പോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ വെച്ചിരുന്നില്ല. കൊച്ചിമെട്രോക്ക് വേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വിജിഎഫിന്‍റെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്. 

കൊമേഷ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിഴിഞ്ഞത്ത് 70 കപ്പലുകള്‍ വന്ന് പോയി. ഇതുവരെ വിവിധ ഇനങ്ങളിലായി 182 പരം കോടി രൂപ ജി എസ് ടി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. കൊമേഷ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം തന്നെ കേന്ദ്രം മുടക്കുന്ന വിജിഎഫ് ഫണ്ട് ജിഎസ്ടി വിഹിതമായി കേന്ദ്ര സര്‍ക്കാരിലേക്ക് ലഭിക്കും എന്നിരിക്കെയാണ് പുതിയ സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 

 നാളിതുവരെ തുറുമുഖ നിര്‍മ്മാണത്തിനായി തിരിച്ചടക്കേണ്ടാത്ത ഗ്രാന്‍റ് ആയി നല്‍കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ലാഭവിഹിതം ചോദിക്കുന്നത് ഇതാദ്യമായാണ്. വളരെ മിതമായ വിലയിരുത്തലില്‍ പോലും ഇന്ത്യാ ഗവണ്‍മെന്‍റിന് പ്രതിവര്‍ഷം 6000 കോടി രൂപയുടെ അധിക വരുമാനം വിഴിഞ്ഞം തുറമുഖം വഴി ലഭിക്കും. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനു മേല്‍ അധിക ബാധ്യത ചുമത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.വിജിഎഫ് തിരിച്ചടവ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചതോടെ ഇത്രയധികം തുക ഇനി കേരളം സ്വന്തം നിലയില്‍ കണ്ടെത്തേണ്ട അവസ്ഥയാണ്. നിബന്ധന അംഗീകരിച്ചാല്‍ തുച്ഛമായ തുക മുടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വലിയ ലാഭവിഹിതം പിടിച്ചടക്കുന്ന അവസ്ഥയാണുണ്ടാവുക. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പകപോക്കല്‍ സമീപനം വിഴിഞ്ഞത്തിന്‍റെ കാര്യത്തിലും തുടരുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

വയനാട് ദുരന്തം:ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടി, തൊടുന്യായം പറഞ്ഞ് അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഡ്രൈവിങ് ടെസ്റ്റിന്‍റെ രീതി അടിമുടി മാറും, ലേണേഴ്സ് കഴിഞ്ഞ് 1വർഷം പ്രൊബേഷൻ പിരീഡായി കാണുമെന്ന് ഗതാഗത കമ്മീഷണർ

YouTube video player