തിരുവനന്തപുരം: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  പല കാര്യങ്ങളും പ്രോട്ടോകോള്‍ പ്രകാരം നടക്കുന്നില്ല. അപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡിലെ കുഴിയടയ്ക്കാത്തതിനെച്ചൊല്ലി പിഡബ്ല്യുഡിയും ജല അതോറിറ്റിയുമെല്ലാം പരസ്പരം പഴി ചാരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

അപകടത്തിന്‍റെ ഉത്തരവാദിത്തം പിഡബ്ല്യുഡിക്കാണെന്ന് ജല അതോറിറ്റി ആരോപിച്ചു. ഇത് നിഷേധിച്ച് പിഡബ്ല്യുഡി രംഗത്തെത്തി.പൈപ്പിലെ ചോർച്ച മാറ്റാനുള്ള അറ്റകുറ്റപ്പണിക്കായി സെപ്റ്റംബർ 18 ന് പിഡബ്ല്യുഡിയിൽ അപേക്ഷ നൽകിയെന്നാണ് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞത്. പിന്നീട് പല തവണ ഫോണിൽ വിളിച്ചിട്ടും റോഡ് കുഴിക്കാൻ പിഡബ്ല്യുഡി അനുമതി നൽകിയില്ല. ഇതാണ് ചോർച്ച കൂടാനും കുഴി വലുതാകാനും കാരണമെന്നാണ് ജല അതോറിറ്റി ആരോപിച്ചത്.

എന്നാല്‍,  സെപ്റ്റംബറിൽ റോഡ് കുഴിക്കാൻ അനുമതി നൽകാത്തത് മഴക്കാലം ആയിരുന്നതിനാലാണെന്നാണ് പിഡബ്ല്യുഡിയുടെ വിശദീകരണം. ചോർച്ച കൂടിയത് കണ്ടപ്പോൾ പൈപ്പ് ഉടൻ നന്നാക്കണമെന്ന് ഫോണിൽ വിളിച്ച് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും പിഡബ്ല്യുഡി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രതികരിച്ചു.