തിരുവനന്തപുരം: ഇ- മൊബിലിറ്റി കൺസൾട്ടൻസി കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് വിശദമായ മറുപടിയുമായി മുഖ്യമന്ത്രി. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരം ആരോപണങ്ങൾ അനവസരത്തിലാണെന്നും പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ച്, അത് കുറച്ച് ദിവസം ചർച്ചയാക്കുക, ഒന്നും തെളിയിക്കാനാകാതെ തിരുത്തിപ്പറയുന്നതുമാണ് പ്രതിപക്ഷ നതാവിന്റെ രീതി. സംസ്ഥാനത്ത് ഈ മൊബിലിറ്റി ഹബ് സ്ഫാപിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ കൺസൾട്ടൻസി കരാർ ആരോപണം  ഗവണ്മെന്റിന്  അവഗണിക്കാനാകില്ല. ഇപ്പോൾ വെറുതെ സമയം കളയാനുള്ള അവസ്ഥയിലല്ല സർക്കാർ നിൽക്കുന്നത്. ദുരാരോപണങ്ങളും കുപ്രചാരണവും കൊണ്ട് ഇറങ്ങിത്തിരിക്കുന്നത് ജനങ്ങൾക്കും നാടിനും നല്ലതല്ല. വാസ്തവവിരുദ്ധമായ കാര്യമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപിച്ചത്. 

ഇ മൊബിലിറ്റി സർക്കാറിന്റെ നയമാണ്. പുതിയ കാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. 2022 ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കാനാണ് ആലോചന. മദ്രാസ് ഐഐടിയിലെ പ്രൊഫസർ അശോക് ജുൻജുൻ വാലയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാഹനങ്ങളുടെ നയം രൂപീകരിച്ചത്.  നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങൾ വർധിച്ച തോതിൽ വേണമെന്നത് സർക്കാറിന്റെ ദൃഢനിശ്ചയമാണ്. 

ഇതൊക്കെ ഏതെങ്കിലും തോന്നലുകളുടെ അടിസ്ഥാനത്തില് നടപ്പാക്കേണ്ടതല്ല. ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. അതിന് വേണ്ടിയാണ് പ്രൊജ്കട് തയ്യാറാക്കുന്നതും ശാസ്ത്രീയമായി പഠിച്ച് കാര്യങ്ങൾ ചെയ്യുന്നതും. പ്രതിപക്ഷ നേതാവ് പരാമർശിച്ച പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമേറ്റിക് സെന്റർ സർവീസസ് ഇൻ കോർപ്പറേറ്റട് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനമാണ്. നിക്സി എന്ന ചുരക്കപ്പേരിൽ അറിയപ്പെടുന്നത്.

കേരള സർക്കാർ 2019 ഓഗസ്റ്റ് 13ലെ ഉത്തരവ് പ്രകാരം നിക്സിയുടെ അംഗീകൃത ലിസ്റ്റിലുള്ള മൂന്ന് കമ്പനികളെ, ബസ്  പോർട്ടുകൾ, ലോജിസ്റ്റിക് പോർട്ടുകൾ, ഇ- മൊബിലിറ്റിക്കുള്ള കർമ്മപദ്ധതി തയ്യാറാക്കൽ എന്നിവയുടെ കൺസൾട്ടന്റുകളായി തീരുമാനിച്ചിട്ടുണ്ട്. പ്രൈസ് വാട്ടേഴ്സ്  ഹൌസ് കൂപ്പേഴ്സ് - ദക്ഷിണ മേഖല, കെപിഎംജി- മധ്യമേഖല, ഏണസ്റ്റ് എന് ഗ്ലോബൽ- ഉത്തരമേഖല. പ്രതിരോധ മന്ത്രാലയമടക്കമുള്ള കേന്ദ്ര മന്ത്രാലയങ്ങളുടെ കൺസൾട്ടൻസി ചെയ്യുന്ന സ്ഥാപനമാണ് പിഡബ്ലുസി എന്നും ഓർമിപ്പിക്കുന്നു.  ഓരോ ബസ് പോർട്ടുകൾക്കും  രണ്ട് കോടി 15 ലക്ഷം രൂപ, ലോജിസ്റ്റിക്ക് പോർട്ടുകൾക്ക് രണ്ട് കോടി ഒമ്പത് ലക്ഷം രൂപ, ഇ മൊബിലിറ്റിക്ക് 82 ലക്ഷം രൂപ (നികുതിക്ക് പുറമെ) എന്നിങ്ങനെയാണ് വകയിരുത്തിയത്.

ഇതിലൊന്നും ഒരു അസ്വാഭവികതയുമില്ല. സെബി വിലക്കിയ കമ്പനിക്കാണ് കരാർ കൊടുത്തതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. വിലക്കുണ്ടെന്ന് പറയുന്നത് മറ്റൊരു ഓഡിറ്റ് കമ്പനിക്കാണ്. ഇവ രണ്ടും രണ്ട് ലീഗൽ എന്റിറ്റിയാണ്. കേരളത്തിന്റെ ഭാവി ആവശ്യമാണ് ട്രാന്സപോർട്ട് നയം. അവ വികസിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉന്നതതല യോഗം ചേർന്ന് ചട്ടപ്രകാരമാണ് ഉത്തരവുകൾ ഇറങ്ങിയത്. പരിസ്ഥിതി സംരക്ഷണവും  പശ്ചാത്തല വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകാനുള്ള സർക്കാർ നയം സുതാര്യമാണ്. വെല്ലുവിളികൾക്കിടയിൽ കേരളത്തെ മുന്നോട്ടുനയിക്കാൻ സർക്കാർ ശ്രമിക്കും.  

കിഫ്ബിയെ കുറിച്ചും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. കിഫ്ബി അതിന്റെ പ്രഖ്യാപിത ലക്ഷ്യം നേടിത്തുടങ്ങിയപ്പോൾ പ്രതിപക്ഷം മിണ്ടുന്നില്ല. പ്രതിപക്ഷനേതാവ് തിരുത്തണമെന്ന് പറയില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങളും ഈ പദ്ധതികളുടെയെല്ലാം ഗുണം  അനുഭവിക്കുന്നുണ്ടല്ലോ. എല്ലാം ജനം തീരുമാനിക്കട്ടെ.

വിവിധ പദ്ധതികൾ പഠിക്കുന്നതിനോ പ്രൊജക്ടുകൾ പഠിക്കുന്നതിനോ പ്രൈവറ്റ് സ്ഥാപനങ്ങളെ നിയോഗിക്കുന്നത് ആദ്യമായല്ല. യുഡിഎഫ് സർക്കാറിന്റെ കാലത്തും ഇത്തരം കൺസൾട്ടൻസികളെ നിയോഗിച്ചിട്ടുണ്ട്. മറ്റ് ആരോപണങ്ങൾ അവരവരുടെ മനസിൽ വിരിയുന്നതാണ്. മുൻപത്തെ പോലെ തന്നെ മറുപടിയില്ല.

ഗതാഗതമന്ത്രിയുടെ വിശദീകരണം

സർക്കാരും കെഎസ്ആർടിസിയും ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നായിരുന്നു ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ നേരത്തെ പ്രതികരിച്ചത്. ബസ് വാങ്ങിക്കാൻ കരാറിന്റെ ആവശ്യം പോലുമില്ലെന്നും ഡിപിആർ തയ്യാറാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പ്രൈസ് വാട്ടർ കൂപ്പറുമായി ബന്ധപ്പെട്ട ആരോണങ്ങൾ തള്ളിക്കളയുന്നതായും പ്രതിപക്ഷനേതാവ് വസ്തുതകൾ വളച്ചൊടിച്ച് നിരന്തരം സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

ഇലക്ട്രിക് ബസ്സിനെ കുറിച്ച് സാധ്യതാപഠനം നടത്താനാണ് കമ്പനിയെ ഏൽപ്പിച്ചത്. ചെന്നിത്തല ഇന്നലെ ഉയർത്തിക്കാട്ടിയ സർക്കുലറിൽ തന്നെ അത് വ്യക്തമാണ്. എന്നാൽ ആരോപണം ഉന്നയിച്ച ചെന്നത്തില ആ ഭാഗം വായിച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ടാണ് ഈ പദ്ധതി മോണിറ്റർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണിത്. ടെണ്ടർ ക്ഷണിക്കാതെ ജോലി ഏൽപിച്ചവെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറയുകയാണ്. 

കൺസൽട്ടൻസിയെ തെരഞ്ഞെടുക്കാൻ ടെണ്ട‍ർ വിളിക്കേണ്ട ആവശ്യമില്ല. കൺസൽട്ടൻസികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത് കേന്ദ്രസ‍ർക്കാരാണ്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ പേര് കേന്ദ്ര ഗവൺമെന്റിന്റെ എം പാനൽ ലിസ്റ്റിൽ നിന്ന് നീക്കിയിരുന്നില്ല. 

മറ്റ് നാല് കമ്പനികളും ക‍ൺസൽട്ടൻസി സേവനം ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വാഹന രംഗത്ത് പ്രൈസ് വാട്ടറിനാണ് അനുഭവപരിചയം. അതേസമയം സർക്കാർ ഇതു വരെ ഒരു രൂപ പോലും പ്രൈസ് വാട്ടറിന് നൽകിയിട്ടില്ലെന്നും ​ഗതാ​ഗതമന്ത്രി പറഞ്ഞു. മൂവായിരം ബസുകൾ വാങ്ങാനുള്ള ശേഷിയൊന്നും ഇപ്പോൾ കെഎസ്ആ‍‍ർടിസിക്കില്ലെന്നും സ്വിറ്റ്സ‍‍ർലൻസ് കമ്പനിയുമായി ക‍രാ‍ർ ഒപ്പിട്ടെന്ന വാ‍ർത്ത വ്യാജമാണെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണം

ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സൾട്ടൻസി കരാര്‍ നൽകിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയത്. കൺസൾട്ടൻസി കരാര്‍ നല്‍കിയതിൽ ദുരൂഹതയുണ്ട്. സെബി രണ്ടു വര്‍ഷത്തേയ്ക്ക് നിരോധിച്ച കമ്പനിയാണ് ഇത്. സത്യം കുംഭകോണത്തിൽ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകള്‍ നിലിൽക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 

ഇരുപതാം ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എപി ഷാ കമ്പനിക്ക് എതിരെ മുഖ്യമന്ത്രി ക്ക് കത്തയച്ചു. എന്നിട്ടും കരാറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

വിടി ബൽറാമിന്റെ ആരോപണം

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം എക്സാലോജികിന്‍റെ കൺസൾട്ടൻറാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ഡയറക്ടറായ ജെയ്ക്ക് ബാലകുമാർ എന്നായിരുന്നു വിടി ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചത്. പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന് വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. 

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമാണ് ഐടി കമ്പനിയായ എക്സാലോജിക്. ഈ കമ്പനിയുടെ വെബ്സൈറ്റിലാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയുടെ ഡയറക്ടറായ ജെയ്‌ക് ബാലകുമാറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ജെയ്‌‍കുമായി കമ്പനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നാണ് വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. 

വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

Exalogic Solutions എന്ന കമ്പനിയുമായി "വളരെ വ്യക്തിപരമായ" തലത്തിൽ ഇടപെടുകയും അതിൻ്റെ സംരംഭകർക്ക് തൻ്റെ "അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക"യും ചെയ്യുന്ന കൺസൾട്ടൻ്റാണ് ജെയ്ക്ക് ബാലകുമാർ.

ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൻ്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.