തിരുവനന്തപുരത്തെ വാര്‍ത്ത സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി, ചിരിച്ചുകൊണ്ട്, അതിനെല്ലാം ഞാന്‍ മറുപടി പറയണോ എന്നാണ് മുഖ്യമന്ത്രി ആദ്യം ചോദിച്ചത്.

തിരുവനന്തപുരം: കെ.സുരേന്ദ്രനെതിരെ നടപടി തുടര്‍ന്നാല്‍ മുഖ്യമന്ത്രി വീട്ടില്‍ കിടന്നുറങ്ങില്ലെന്നുള്ള ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാധാകൃഷ്ണന്‍റെ ആളുകള്‍ അടക്കം മുന്‍പ് ഇപ്പോള്‍ പറഞ്ഞതില്‍ കൂടിയ രീതിയില്‍ പറഞ്ഞിട്ടുണ്ട്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ വാര്‍ത്ത സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി, ചിരിച്ചുകൊണ്ട്, അതിനെല്ലാം ഞാന്‍ മറുപടി പറയണോ എന്നാണ് മുഖ്യമന്ത്രി ആദ്യം ചോദിച്ചത്. പിന്നീട്, 'രാധാകൃഷ്ണന്‍റെ ആളുകള്‍ വളരെ മുന്‍പേ ഇത്തരം ഭീഷണികള്‍ എന്‍റെ നേരെ ഉയര്‍ത്തിയതാണ്. അത് ജയിലില്‍ കിടക്കല്‍ അല്ല, അതിനപ്പുറമുള്ളത്, അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിന് ഒരു പ്രയാസവും ഉണ്ടായിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു.

നമ്മള്‍ ഒരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്തക്കളാണ് എന്ന് കരുതരുത്. അത് ശരിയായ നടപടി അല്ല. അത്തരം കാര്യങ്ങള്‍ നടപ്പാകില്ലെന്ന് നമ്മുടെ നാട് തെളിയിച്ച് കഴിഞ്ഞില്ലെ. എന്തെല്ലാമായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ?, എന്തുകൊണ്ടാണ് അത്, ഞാന്‍ അത് ആവര്‍ത്തിക്കുന്നില്ല. ആവര്‍ത്തിച്ചാല്‍ എന്‍റെ കാര്യം ഞാന്‍ തന്നെ പറയുന്ന നിലവരും. മക്കളെ ജയിലില്‍ പോയി കാണേണ്ടിവരും എന്ന് പറയുന്നതിന്‍റെ സന്ദേശം നാം ഗൗരവമായി കാണണം. നിങ്ങളും (മാധ്യമങ്ങള്‍) ഗൗരവമായി ഇത് കാണണം. 

YouTube video player

ഇവിടെ ഒരു കേസിന്‍റെ അന്വേഷണം നടക്കുന്നു. ആ കേസില്‍ അമിത താല്‍പ്പര്യത്തോടെയോ, തെറ്റായോ ഗവണ്‍മെന്‍റ് ഇടപെട്ടതായി ഇതുവരെ ആക്ഷേപം ഉയര്‍ന്നിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലോ, ആഭ്യന്തര മന്ത്രി എന്ന നിലയിലോ എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി ആക്ഷേപമില്ല. അപ്പോ എന്താണ് ഉദ്ദേശം, നിങ്ങള്‍ ഈ കേസ് അന്വേഷിക്കുകയാണ് അല്ലെ. അതിനാല്‍ സംസ്ഥാനത്ത് ഭരണത്തിലുള്ളവരെ ഭീഷണിപ്പെടുത്തുകയാണ്. ഭീഷണി എന്‍റെയടുത്ത് ചിലവാകുമോ, ഇല്ലയോ എന്നത് മറ്റൊരു കാര്യം. പക്ഷെ ഒരു ഭീഷണി പരസ്യമായി ഉയര്‍ത്തുകയാണ്. 

കേരളത്തിന്‍റെ മുഖ്യമന്ത്രിക്കെതിരായ ഭീഷണിയായി അതിനെ കാണണം. എന്താണ് അതിന്‍റെ ഉദ്ദേശം. തെറ്റായ രീതിയില്‍ ഞാന്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ഈ ഭീഷണിയുടെ ഉദ്ദേശം. ഇതാണ് ഭീഷണി. ഇത് പൊതുസമൂഹം ഉള്‍കൊള്ളണം. പിന്നെ എന്‍റെ കാര്യം, ഇത്തരം ഭീഷണി ഒരു തരം സംരക്ഷണമില്ലാത്ത കാലത്തും എങ്ങനെ കടന്നുവന്നുവെന്ന് ഓര്‍ത്താല്‍ മതി - മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.