'ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നത്'. മുസ്ലീംലീ​ഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും പിണറായി കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടർക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീംലീ​ഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും പിണറായി പരിഹസിച്ചു.

മുസ്ലീംജനവിഭാ​​ഗത്തിന് എന്നിലും ഈ സ‍ർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു എന്നതിനെ എല്ലാവരും സ്വാ​ഗതം ചെയ്തതായാണ് പൊതുവിൽ കണ്ടത്. മുസ്ലീം ലീ​ഗല്ല വകുപ്പ് തീരുമാനിക്കുന്നത്. മുസ്ലീം ജനവിഭാ​ഗം ന്യൂനപക്ഷമാണ്. ആ മുസ്ലീം ജനവിഭാ​​ഗത്തിന് എന്നിലും ഈ സ‍ർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം. മുസ്ലീംലീ​ഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശം അതൊക്കെ അവരുടെ പേരിലേ ഉള്ളൂ.

സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല. ഇതു പൊതുവിലുള്ള ഒരു ആലോചനയുടെ ഭാ​ഗമായിട്ട് എടുത്ത തീരുമാനമാണ്. നേരത്തെ കെ ടി ജലീൽനല്ല നിലയിലായിരുന്നു വകുപ്പ് കൈകാര്യം ചെയ്തത്. ന്യൂനപക്ഷക്ഷേമവും പ്രവാസികാര്യവും മെച്ചപ്പെട്ട നിലയിൽ കൈകാര്യം ചെയ്യുന്നതാണ് എന്ന ചിന്തയിലാണ് മുഖ്യമന്ത്രി തന്നെ ആ വകുപ്പ് ഏറ്റെടുക്കാം എന്ന് തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു. 

എന്നാൽ പിണറായിക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്ന നടപടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മന്ത്രിക്ക് നൽകിയ വകുപ്പ് തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ല. ഇത് ഒരു സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല. കൊടുത്തിട്ട് തിരിച്ചെടുക്കുന്നതാണ് അപമാനിക്കലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

YouTube video player

രണ്ടാം പിണറായി സർക്കാറിലെ വകുപ്പ് വിഭജന വിജ്ഞാപനം ഇറങ്ങിയപ്പോൾ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായിരുന്നു. സ്പോർട്സിനൊപ്പം മലപ്പുറത്തുനിന്നുള്ള വി അബ്ദുറഹ്മാനായിരിക്കും വകുപ്പെന്നായിരുന്നു ആദ്യ സൂചന. ന്യൂനപക്ഷക്ഷേമ വകുപ്പിൻറെ പദ്ധതികൾ കൂടുതലും മുസ്ലിം വിഭാഗങ്ങൾക്കാണ് കിട്ടുന്നതെന്ന പരാതി ചില ക്രൈസ്തവ സഭാ അധ്യക്ഷന്മാർ ഉന്നയിച്ചിരുന്നത് വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കാനുള്ള കാരണമാകാമെന്നും വിലയിരുത്തലുണ്ട്.