തിരുവനന്തപുരം: കനത്ത മഴയിലും മണ്ണിടിച്ചിലിലും വിതുമ്പുന്ന ജനതയ്ക്ക് രക്ഷയും ആശ്വാസവുമേകാനായി നിരവധിപേര്‍ പരിശ്രമവുമായി രംഗത്തുണ്ട്. സ്വന്തം ജീവന്‍ പോലും പണയം വെച്ചുള്ള രക്ഷാപ്രവര്‍ത്തനവും ഈ നാളുകളില്‍ കേരളം കണ്ടു. കനത്ത മഴയും കാറ്റും തകര്‍ത്ത വൈദ്യുതി ടവറിലെ അറ്റകുറ്റപണിക്കിറങ്ങി വഴിയില്‍ തോണി മറിഞ്ഞ് ജീവന്‍ നഷ്ടമായ കെ എസ് ഇ ബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബൈജു വലിയ നൊമ്പരമായി മാറിയിട്ടുണ്ട്.

സ്വന്തം ജീവന്‍ അപകടത്തിലായേക്കാമെന്ന സാഹചര്യത്തിലും ഉത്തരവാദിത്വം മറക്കാതെ ജോലിക്കിറങ്ങിയ കെഎസ്ഇബി എഞ്ചിനീയര്‍ ബൈജുവിനെ സ്മരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്നില്ല. പേമാരിയെക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി ബൈജുവിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. സ്വന്തം ജീവൻ മറന്നാണ് പലരും രക്ഷാപ്രവര്‍ത്തനത്തിനായി നിലകൊള്ളുന്നതെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന് അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് ഇന്നലെ ബൈജു മരിച്ചത്. മഴക്കെടുതിയില്‍ കനത്ത ദുരിതമാണ് മേഖലയിലുള്ളവര്‍ നേരിടുന്നത്.