ഏഷ്യൻ ഗെയിംസ് താരങ്ങളെ അവഗണിച്ചെന്ന പരാതി: കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ പ്രതിരോധം
'പിആർ ശ്രീജേഷിന് ഒളിംപിക്സ് മെഡൽ നേടിയപ്പോൾ 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകി'

തിരുവനന്തപുരം: കായിക മേഖലയിൽ എല്ലാ സഹായവും ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി. ഒരു ഘട്ടത്തിലും പുറകോട്ട് പോയിട്ടില്ല. കായിക താരങ്ങൾക്ക് എല്ലാ ഘട്ടത്തിലും വിവിധ തരം സഹായം നൽകിയിട്ടുണ്ട്. എന്നാൽ വ്യാപകമായി സർക്കാരിനെതിരെ ഒരു പ്രചാരണം നടക്കുന്നുണ്ട്.
കായിക രംഗത്തിന് കരുത്താകുന്ന രീതിയിൽ കായിക താരങ്ങളുടെ സംഭാവന മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഒൻപത് മലയാളി താരങ്ങൾ മെഡൽ നേടി. തിരുവനന്തപുരം എൽഎൻസിപിയിലാണ് ഏഷ്യൻ ഗെയിംസിന് അത്ലറ്റിക്സ് താരങ്ങൾ പരിശീലനം നടത്തിയത്. ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും 10 ലക്ഷം വീതം നൽകി.
പിആർ ശ്രീജേഷിന് ഒളിംപിക്സ് മെഡൽ നേടിയപ്പോൾ 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകി. കൃത്യമായ പാരിതോഷികം നൽകി വരുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നവർക്ക് 20 ലക്ഷം 10 ലക്ഷം 5 ലക്ഷം എന്ന ക്രമത്തിലാണ് പാരിതോഷികം നൽകിവരുന്നത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയവർക്കും ഈ നിലയിൽ സമ്മാനം നൽകി.
ചെസ് ഒളിംപ്യാഡിൽ മെഡൽ നേടിയ നിഹാൽ സരിന് പത്ത് ലക്ഷം നൽകി. 2022 ൽ എച്ച്എസ് പ്രണോയ്ക്കും എംആർ അർജുനനും അഞ്ച് ലക്ഷം വീതം നൽകി. ജിവി രാജ പുരസ്കാരത്തിന് പ്രണോയിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദേശീയ ഗെയിംസ് പരിശീലനത്തിന് 5 കോടിയും ഇത്തവണ 4.27 കോടി ആദ്യ ഗഡുവായും അനുവദിച്ചു.
'ഉള്ളവരെ ഓടിക്കല്ലേ'; കായിക താരങ്ങൾ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 676 താരങ്ങൾക്ക് സ്പോർട്സ് ക്വോട്ടയിൽ ജോലി നൽകി. ഇത് സർവകാല റെക്കോർഡാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന 2010-14 സ്പോർട്സ് ക്വോട്ട നിയമന റാങ്ക് ലിസ്റ്റിലെ 65 പേർക്ക് കൂടി എൽഡിഎഫ് സർക്കാർ നിയമനം നൽകി. പൊലീസിൽ 31 പേർക്കും ജോലി നൽകി. 2015-19 കാലത്തിലെ സ്പോർട്സ് ക്വോട്ട നിയമനത്തിന് സർട്ടിഫിക്കറ്റ് പരിശോധന നടക്കുകയാണ്. ഈ വർഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 249 പേർക്ക് ഇതുവഴി ജോലി ലഭിക്കും. പ്രത്യേക പരിഗണന പ്രകാരം സികെ വിനീതിന് നേരത്തെ തന്നെ ജോലി നൽകിയിരുന്നു. കെഎസ്ഇബിയിലും സ്പോർട്സ് ക്വോട്ട നിയമനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.