പ്രയാറിന്‍റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്

കൊല്ലം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് (Prayar Gopalakrishnan) രാഷ്ട്രീയ കേരളത്തിന്‍റെ അന്ത്യാഞ്ജലി. പ്രയാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരെല്ലാം അനുശോചനം അറിയിച്ചു. പ്രയാറിന്‍റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

പ്രമുഖ സഹകാരിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും മുൻ എം എൽ എ യുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും മിൽമയെയും നയിച്ച അദ്ദേഹം ദീർഘകാലമായി സഹകരണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദേഹത്തിന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

മുതിർന്ന നേതാവും മുൻ എം എൽ എയുമായ പ്രയാർ ഗോപാലകൃഷ്ണന്‍റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ ഒന്നായ മിൽമയെ സംസ്ഥാനത്തിന്‍റെ അഭിമാന സ്ഥാപനമായി വളർത്തിയെടുത്തത് പ്രയാറായിരുന്നു. മിൽമ എന്ന പേരും മുന്നോക്ക വികസന കോർപറേഷന് സമുന്നതി എന്ന പേരും പ്രയാറിന്‍റെ സംഭാവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹത്തിന്‍റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം മണ്ഡലത്തിന്‍റെ സമഗ്ര വികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ സാമാജികനായിരുന്നു. ഇത് വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ചടയമംഗലം യു ഡി എഫിനൊപ്പം നിന്നത്. എന്നിട്ടും ചടയമംഗലത്തിന്‍റെ വികസന നായകൻ എന്ന പേര് പ്രയാറിന് സ്വന്തമാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബാംങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

രമേശ് ചെന്നിത്തലയുടെ അനുശോചന കുറിപ്പ്

മുൻ എം എൽ എയും, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ പ്രയാർ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കെ എസ് യുവും, യൂത്ത് കോൺഗ്രസ്സും കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റു സൃഷ്ടിച്ച കാലഘട്ടത്തിൽ അത് രണ്ടിന്റെയും മുൻനിര പോരാളികളിലൊരാളായിരുന്നു പ്രയാർ. അതേസമയം, വിനയവും എളിമയുമായിരുന്നു പ്രയാറിന്‍റെ മുഖമുദ്ര. പ്രയാറിന്‍റെ ഭരണകാലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സുവർണ്ണകാലമായിരുന്നു. ഞാനുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രയാറിന്‍റെ അകാലത്തിലെ വേർപാട് അത്യന്തം ദുഃഖമുളവാക്കുന്നു.

കോണ്‍ഗ്രസ് നേതാവും മുൻദേവസ്വം ബോര്‍ഡ് പ്രസിഡൻ്റുമായ പ്രയാര്‍ ഗോപാലകൃഷ്ണൻ അന്തരിച്ചു

അതേസമയം ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പ്രയാർ അന്തരിച്ചത്. 72 ാം വയസായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ് യു ടി ആശുപത്രിയിലായിരുന്നു മരണം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

ജൂൺ 7 മുതൽ കാലവർഷം സജീവമായേക്കും; അടുത്ത 5 ദിനം കേരളത്തിൽ ഇടിമിന്നലൊടു കൂടിയ വ്യാപക മഴക്ക് സാധ്യത