Asianet News MalayalamAsianet News Malayalam

മുന്നാം തരംഗം കുട്ടികളെ കുടുതലായി ബാധിക്കുമെന്ന ഭീതി വേണ്ട; അശാസ്ത്രീയ പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ താക്കീത്

സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കരുത്

cm pinarayi vijayan warns fake messages on covid third wave
Author
thiruvananthapuram, First Published Jun 15, 2021, 8:24 PM IST

തിരുവനന്തപുരം: മൂന്നാം തരംഗവുമായി ബന്ധപ്പെട്ടുള്ള അശാസ്ത്രീയ പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ടെന്നും അത്തരം പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതിയാണ് അക്കൂട്ടത്തില്‍ ഒന്നെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. അത്തരത്തില്‍ ഭീതി പുലര്‍ത്തേണ്ട സാഹചര്യമില്ലെന്നും രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷികമായ വര്‍ദ്ധനവു മാത്രമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും മുന്‍പ് വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇക്കാര്യത്തിൽ സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതലുകളും നേരത്തെ വിശദമാക്കിയിട്ടുണ്ടെന്ന് പിണറായി കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കരുത്. രോഗവുമായി ബന്ധപ്പെട്ട് അറിവു നേടാന്‍ കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകള്‍, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദപ്പെട്ട സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികളെ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിനു പുറകേ പോകാതെയുള്ള മാതൃകാപരമായ റിപ്പോര്‍ട്ടിംഗ് രീതി അവലംബിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മൂന്നാം തരംഗം മുന്‍കൂട്ടിയറിയുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. നിലവില്‍ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുന്ന സംസ്ഥാനമാണ് നമ്മുടേത്. എങ്കിലും പുതിയ പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനങ്ങളെ കൂടുതല്‍ ശാക്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനിതക വ്യതിയാനമുള്ള വൈറസുകളെ കണ്ടെത്താനുള്ള പഠനങ്ങൾ കൂടുതല്‍ വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios