തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്‍തതിന് പിന്നാലെ ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ ഒരു വര്‍ഷത്തേയ്‍ക്ക് 30 ശതമാനം കുറവുവരുത്താനുള്ള ഓര്‍ഡിനന്‍സ് ശുപാര്‍ശയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഹൈക്കോടതി വിധിക്കനുസൃതമായിരിക്കും ഓര്‍ഡിനന്‍സ് എന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്

കൊവിഡ് 19 സൃഷ്‍ടിച്ച അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയല്‍ താങ്ങാനാവാത്തതാണ്. വരുമാനത്തില്‍ കുറവുണ്ടായി, ചെലവുകള്‍ വര്‍ധിക്കുകയും ചെയ്‍തു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വിതരണം ചെയ്യാതെ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

ഇതിന് നിയമ പ്രാബല്യം പോര എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിന് നിയമപ്രാബല്യം നല്‍കുന്നതിന് ഹൈക്കോടതി ഉത്തരവിന് അനുസൃതമായി ഓര്‍ഡിനന്‍സ്  പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ അലവന്‍സടക്കമുള്ള മൊത്ത ശമ്പളം ഓണറേറിയം, ഇതിന്‍റെ 30 ശതമാനം ഒരു വര്‍ഷത്തേയ്‍ക്ക് കുറവ് ചെയ്യാന്‍ 2020ലെ ശമ്പളവും ബത്തയും നല്‍കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യും.