Asianet News MalayalamAsianet News Malayalam

'സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര അനുമതിയുണ്ട്', 'ചിന്ത' ലേഖനത്തിൽ മുഖ്യമന്ത്രി

റെയിൽബോർഡ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തിന്‍റെ സാമ്പത്തിക അടിത്തറ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ജപ്പാനിൽ നിന്ന് 'ജയ്ക്ക' ഉൾപ്പടെ സഹായം വാഗ്ദാനം ചെയ്ത് രംഗത്തുവന്നു - പിണറായി. 

CM Pinarayi Vijayan Writes Article On K Rail Silver Line Project In Chintha Weekly
Author
Thiruvananthapuram, First Published Jan 12, 2022, 1:26 PM IST

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് (K Rail Silver Line Project) സ്ഥലമേറ്റെടുക്കാൻ കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി (CM Pinarayi Vijayan). റെയിൽവെ ബോർഡ് തത്വത്തിൽ പദ്ധതിക്ക് അംഗീകാരം നൽകിയെന്നും 'ചിന്ത' (Chintha Weekly) വാരികയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി വെറുതെ ലേഖനമെഴുതിയാൽ പോരെന്നും കേന്ദ്രാനുമതി എത്തരത്തിലുള്ളതാണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ (Opposition Leader V D Satheesan) ആവശ്യപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടില്ലെന്നും സാങ്കേതിക സാമ്പത്തിക സാധ്യത പരിശോധിച്ചേ പദ്ധതി നടപ്പാക്കൂവെന്നും റെയിൽവേ സഹമന്ത്രി റാവുസാഹെബ് ധാൻവെ അറിയിച്ചിരുന്നു. 

സിൽവർ ലൈൻ പദ്ധതിയോടുള്ള എതിർപ്പ് ലോക്‍സഭയിൽ കോൺഗ്രസ് എംപി കെ മുരളീധരൻ ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര റെയിവേ സഹമന്ത്രി റാവു സാഹെബ് ധാൻവെ നിലപാട് അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിയുമായി റെയിൽവേയും സംസ്ഥാനസർക്കാരും ചേർന്ന് കമ്പനി രൂപീകരിച്ചിരുന്നു. 49 ശതമാനം ഓഹരി റെയിൽവേയ്ക്കും 51 ശതമാനം കേരളത്തിനുമാണ്. എന്നാൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. സാമ്പത്തിക സാങ്കേതിക സാധ്യത പരിശോധിക്കുകയാണ്. സാധ്യതയുണ്ടെങ്കിലേ പദ്ധതി നടപ്പാക്കൂ എന്നാണ് വിശദീകരണം. ഭൂമി ഏറ്റെടുക്കലും പദ്ധതിക്കു വേണ്ട അനുമതികളും അതിനാൽ ഇപ്പോൾ തിട്ടപ്പെടുത്താൻ കഴിയില്ല എന്നും മന്ത്രി പറയുന്നു. പദ്ധതിയോടുള്ള എതിർപ്പ് ശക്തമാകുമ്പോഴാണ് കേന്ദ്രത്തിന്‍റെ ഈ നിലപാട് പുറത്തുവന്നത്. 

'തത്വത്തിൽ അംഗീകാരമുണ്ട്'

ഇതിനെല്ലാമിടയിലാണ് 'ചിന്ത' വാരികയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നത്. സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട് പോകാൻ കേന്ദ്രാനുമതി ഉണ്ടെന്നാണ് പിണറായി വിജയൻ പറയുന്നത്. പണം കണ്ടെത്താൻ വായ്പ കണ്ടെത്തുന്നതിന് നിതി ആയോഗും കേന്ദ്രധനമന്ത്രാലയവും റെയിൽവേ മന്ത്രാലയവും അനുമതി നൽകി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്ക്, ജർമാൻ ബാങ്കായ എഐഎഫ്‍ഡബ്ല്യു, എഡിബി എന്നിവയുമായി ചർച്ചകൾ പൂർത്തിയാക്കിയെന്നും ചിന്ത ലേഖനത്തിൽ പിണറായി എഴുതുന്നു. ജപ്പാനിൽ നിന്നുള്ള ജയ്ക്ക ഉൾപ്പടെ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ടെന്നും, അദ്ദേഹം വിശദീകരിക്കുന്നു. 33,700 കോടി രൂപയാണ് വായ്പയായി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. 

കെ റയിൽ പദ്ധതിയെക്കുറിച്ച് കൊല്ലത്തെ പൗരപ്രമുഖരോട് വിശദീകരിക്കവേ, ഒരു വർഷം 1000 കോടി രൂപ മാത്രമേ തിരിച്ചടവ് വേണ്ടി വരൂ എന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും വിശദീകരിക്കുന്നു. സാമ്പത്തിക ചെലവിന്‍റെ കാര്യമാണ് ഉന്നയിക്കുന്നതെങ്കിൽ 125 കൊല്ലം മുമ്പ് കൊല്ലം - ചെങ്കോട്ട പാത ഉണ്ടാകുമായിരുന്നില്ല. ഒരു പദ്ധതി തുടങ്ങുമ്പോൾത്തന്നെ ബ്രേക്ക് ഈവൻ ആകില്ല. നിർമാണഘട്ടത്തിൽ അഞ്ച് വർഷക്കാലം അമ്പതിനായിരം പേർക്ക് സ്ഥിരം തൊഴിൽ കിട്ടും. അതിന് ശേഷം 15,000 പേർക്ക് തൊഴിൽ കിട്ടും. ഇത് കേരളത്തെ സാമ്പത്തികമായി ഉത്തേജിപ്പിക്കുന്നതാകും. എതിർപ്പുകൾ രാഷ്ട്രീയപരമാകരുത്, വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാകണമെന്നും കെ എൻ ബാലഗോപാൽ പറയുന്നു. 

എന്നാൽ അനുമതിയിൽ കൃത്യമായി വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു. മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് ചിന്തയിൽ ലേഖനം എഴുതിയാൽപ്പോര. ഡിപിആർ നൽകാതെ കേന്ദ്രാനുമതി എങ്ങനെ കിട്ടി? അത് മുഖ്യമന്ത്രി തുറന്ന് പറയണം. പദ്ധതിയെ കോൺഗ്രസ് എതിർക്കുന്നത് കേന്ദ്രാനുമതിയുടെ പേരിൽ മാത്രമല്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കുന്നു. പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. സർക്കാർ എന്ത് കൈപ്പുസ്തകം പുറത്തിറക്കിയാലും അതിലെ ഓരോ ഖണ്ഡികയ്ക്കും എണ്ണിപ്പറ‍ഞ്ഞ് പ്രതിപക്ഷം മറുപടി നൽകും. ജപ്പാനിലെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് കേരളത്തിന് നൽകുന്നത്. എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത്? - സതീശൻ ചോദിക്കുന്നു. 

പദ്ധതി ഏത് വിധേനയും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച സംസ്ഥാനബിജെപി മുഖ്യമന്ത്രിയുടെ നിലപാട് അമ്പേ തള്ളുന്നു. കേന്ദ്രസർക്കാരിന്‍റെ പേര് പറഞ്ഞ് മുഖ്യമന്ത്രി കുടിയൊഴിപ്പിക്കാൻ നോക്കണ്ടെന്നും, തങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമേ കുടിയൊഴിപ്പിക്കൽ നടക്കൂ എന്നും സുരേന്ദ്രൻ പറയുന്നു. സ്ഥലമേറ്റെടുക്കലിന് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കുന്നു. 

വായ്പയുടെ ബാധ്യത ഏറ്റെടുക്കാൻ ആകില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നതാണ്. കേന്ദ്ര നിലപാടിൽ ഹൈക്കോടതി അടക്കം സംശയം ഉന്നയിക്കുമ്പോഴും, കെ റയിൽ എന്നെഴുതിയ അതിരടയാളക്കല്ലുകൾ സ്ഥാപിക്കരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തപ്പോഴാണ്, അനുമതി ഉണ്ടെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം.

അതേസമയം, സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വലിയ പ്രചാരണത്തിനും സർക്കാർ നീക്കം തുടങ്ങുകയാണ്. പദ്ധതിയെക്കുറിച്ചുള്ള കൈപ്പുസ്തകങ്ങളുടെ 50 ലക്ഷം കോപ്പി അച്ചടിക്കുന്നതിന്  ഇ ടെൻഡർ വിളിച്ചിരിക്കുകയാണ് സർക്കാർ.

Follow Us:
Download App:
  • android
  • ios