തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് മറിച്ചു നൽകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി. സ്പ്രിങ്ക്ളർ കമ്പനി വിവരങ്ങൾ ചോർത്തുന്നില്ലെന്നും ഇന്ത്യയിൽ തന്നെയാണ് എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ കമ്പനിയെ എങ്ങനെ തെരഞ്ഞടുത്തുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

കൊവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള പിആർ കമ്പനിക്ക് മറിച്ചു നൽകുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രധാനം ആരോപണം. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോർത്തുന്നില്ലെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

എന്നാൽ സ്പ്രിംങ്കളറിന്‍റെ വെബ് സൈറ്റിൽ വിവരണശേഖരണ നയത്തെ കുറിച്ചുള്ള ഭാഗത്ത് വിവരങ്ങൾ അമേരിക്കയിൽ ആണ് സൂക്ഷിക്കുന്നതെന്ന് പറയുന്നുണ്ട്. പക്ഷെ കേരളത്തെ കുറിച്ചുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ടെണ്ടർ വിളിച്ചാണോ കമ്പനിയെ തെരഞ്ഞെടുത്തതെന്ന ചെന്നിത്തലയുടെ രണ്ടാം ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകാത്തത് പ്രതിപക്ഷം ആയുധമാക്കും.

കരാറിനെതിരെ നിയമനടപടി അടക്കം പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. സ്പ്രിങ്ക്ളർ വഴി അടുത്ത തെരഞ്ഞെടുപ്പിൽ, ഇപ്പോൾ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്താനാണ് സർക്കാർ നീക്കമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ട്രംപിന് വേണ്ടി അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങളിൽ സ്പ്രിങ്ക്ള‍ർ ഇടപെട്ടെന്ന് കാട്ടിയാണ് ഇത്.