Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 266 പേര്‍ ചികിത്സയിലെന്നും മുഖ്യമന്ത്രി

വിദേശത്ത് കൊവിഡ് ബാധിച്ചു മരിച്ചത് 18 മലയാളികൾ. അമേരിക്കയിൽ മാത്രം എട്ട് പേർ

CM Press meet covid for more peoples
Author
Thiruvananthapuram, First Published Apr 6, 2020, 6:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13  പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതിൽ ഒൻപത് പേ‍ർ കാസർകോട് ജില്ലക്കാരാണ്. മലപ്പുറത്തെ രണ്ട് പേ‍ർക്കും കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കും ഇന്നു രോ​ഗം സ്ഥിരീകരിച്ചു. കാസർകോട് രോ​ഗം സ്ഥിരീകരിച്ച ആറ് പേ‍ർ വിദേശത്തു നിന്നും വന്നതാണ് മൂന്ന് പേ‍ർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ലഭിച്ചു. 

കൊവിഡ് രോഗം ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികൾ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഔദ്യോഗികമായുള്ള വിവരങ്ങൾ വന്നാൽ മാത്രമേ വിദേശത്തെ മരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. അമേരിക്ക, യുകെ, യുഎഇ, സൌദി എന്നീ രാജ്യങ്ങളിലാണ് കൂടുതൽ പേരും മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ മാത്രം എട്ട് പേർ മരിച്ചു.  കേരളത്തിൽ കൊവിഡ് വൈറസ് ബാധ നിയന്ത്രിതമായ രീതിയിലാണെങ്കിലും ആഗോളതലത്തിൽ സ്ഥിതി വളരെ മോശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

സംസ്ഥാനത്ത് രോഗവ്യാപനം തടുത്തുനിർത്താൻ കഴിയുന്നുണ്ട്. പൊതുവിൽ സ്വീകരിച്ച നടപടികൾ അതിന് വലിയ കാരണമാണ്. ലോകത്താകെയുള്ള സ്ഥിതി നമ്മളെ അസ്വസ്ഥപ്പെടുത്തുന്നു. ഏറ്റവുമൊടുവിൽ യുകെയിൽ മരിച്ച മലയാളി അടക്കം നമ്മൾ കേട്ടത് 18 മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവെന്നാണ്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരം ലഭിച്ചാൽ മാത്രമേ വ്യക്തത വരൂ.പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ന് സംസ്ഥാനത്ത് 13 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ഒൻപത് പേ‍ർക്കും, മലപ്പുറത്ത് രണ്ട് പേ‍ർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസർകോട് രോ​ഗം സ്ഥിരീകരിച്ച ആറ് പേർ വിദേശത്തു നിന്നുവന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചത് നിസാമുദ്ദീനിൽ പോയി വന്നവരാണ്. പത്തനംതിട്ട സ്വദേശിക്ക് രോഗബാധ വിദേശത്ത് നിന്നാണുണ്ടായത്.

ഇതുവരെ സംസ്ഥാനത്ത് 327 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 1,52,804 പേർ നിരീക്ഷണത്തിലുണ്ട്. 1,52,009 പേർ വീടുകളിലും 895 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 10,726 സാമ്പിൾ പരിശോധിച്ചു. 9607 എണ്ണത്തിൽ രോഗബാധയില്ല. കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലായി ആകെ മൂന്ന് കൊവിഡ് രോ​ഗികളുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.

കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസം കൊണ്ടാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിതർക്കായി 200 കിടക്കകളും പത്ത് ഐസിയു കിടക്കകളും തയ്യാറാക്കി. 100 കിടക്കയും പത്ത് ഐസിയു കിടക്കകളും ഉടൻ സജ്ജമാക്കും. ഏഴ് കോടിയുടെ അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ കൂടുതൽ സൗകര്യം ഒരുക്കാൻ കെഎസ്ഇബി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

26 പേരുടെ വിദഗ്ദ്ധ സംഘം ആശുപത്രിയുടെ ആദ്യഘട്ട പ്രവ‍ർത്തനത്തിനായി കാസർകോടെത്തിയിട്ടുണ്ട്. 11 ഡോക്ടർമാർ, 10 സ്റ്റാഫ് നഴ്സുമാർ, അഞ്ച് അസിസ്റ്റന്റ് നഴ്സുമാർ എന്നിവരാണ് സംഘത്തിലുള്ളത്. കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സജ്ജമാണ്. 1.25 ലക്ഷത്തോളം കിടക്കകൾ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. പുറമെ പ്രത്യേക കൊറോണ കെയർ സംവിധാനമുണ്ട്. പ്രതിരോധത്തിന് ത്രിതല സംവിധാനം തയ്യാറാക്കി. പതിനായിരത്തിലേറെ ഐസൊലേഷൻ കിടക്കകൾ ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്. 

38 കൊറോണ കെയർ ഹോസ്പിറ്റലുകൾ നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. റാപിഡ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള മാനദണ്ഡം ഉടൻ നിശ്ചയിക്കും. 84.45 ശതമാനം പേർക്ക് സംസ്ഥാനത്ത് ഇതുവരെ സൗജന്യ റേഷൻ കിട്ടി. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും പേർക്ക് റേഷൻ വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്.ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു.

റേഷനുമായി ബന്ധപ്പെട്ട് അപൂർവമായി ചില പരാതികൾ ഉയർന്നു. ചിലർ റേഷൻ മോശമാണെന്ന പ്രചാരണവും നടത്തി. സമൂഹം ആദരിക്കുന്ന ചിലർ ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്ന് അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു. നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഉദാഹരണം. റേഷൻ കടകളിൽ എല്ലാ സാധനങ്ങളും ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ജില്ല മാറി റേഷൻ ലഭിക്കാത്ത പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമസഭാ സമ്മേളനം പിരിഞ്ഞത് കൊവിഡ് പ്രതിരോധത്തിന് ഒറ്റക്കെട്ടായി ഇറങ്ങാനുള്ള തീരുമാനവുമായാണ്. എംഎൽഎമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് നടത്തി. പ്രവർത്തനങ്ങൾ വിലയിരുത്തി മാറ്റം വരുത്തേണ്ടതാണ് ചർച്ച നടത്തിയത്. നിയമസഭാംഗങ്ങൾ കളക്ട്രേറ്റിലെത്തി. സ്പീക്കറും പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും പങ്കെടുത്തു. സഭാ സമ്മേളനത്തിന്റെ അതേ പ്രതീതിയായിരുന്നു. സർക്കാർ ഇടപെടലിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.

പ്രവാസ ലോകത്തെ കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. മലയാളി സമൂഹം ലോകമാകെ വ്യാപിച്ച് കിടക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ സഹായിക്കാൻ ഉത്തരവാദിത്തമുണ്ട്. കേരളത്തിൽ നടക്കുന്നത് എന്താണെന്ന് അവർ അറിയേണ്ടതുണ്ട്. പ്രധാന പ്രവാസികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി. 22 ലോകരാജ്യങ്ങളിൽ നിന്ന് 30 പേർ പങ്കെടുത്തു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാ വിലക്ക്, നിയന്ത്രണങ്ങൾ എന്നിവ പ്രവാസ ജീവിതത്തെ മാറ്റിമറിച്ചു. ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടവ, എംബസി വഴി ചെയ്യേണ്ടവ എല്ലാം പ്രവാസികൾ ചൂണ്ടിക്കാട്ടി. എല്ലാ പ്രവാസികളുമായും നേരിട്ട് സംവദിക്കണമെന്നാണ് താത്പര്യം. പരമാവധി പേരെ പങ്കെടുപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും അവസരം ലഭിച്ചില്ല. ചിലരെ ഉൾപ്പെടുത്താനുമായില്ല. പ്രവാസികളുമായി കൂടുതൽ ചർച്ച നടത്തും. പ്രവാസികൾക്ക് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യും. 

ഗൾഫ് നാടുകളിലെ സ്കൂളുകളിൽ പഠനം നടക്കുന്നില്ല. എന്നാൽ ഫീസ് നൽകേണ്ടി വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ മലയാളി മാനേജ്മെന്റുകളുമായി ഇക്കാര്യം സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അവരോരുത്തരുമായി പ്രത്യേകം സംസാരിക്കും. എങ്കിലും പരസ്യ അഭ്യർത്ഥന നടത്തുന്നു. ഈ കാലം ദുർഘട കാലമാണ്. നേരത്തെ പ്രവാസികൾ സാമ്പത്തിക ശേഷിയുള്ളവരായിരുന്നു. ഇന്ന് ഒട്ടുമിക്ക ആളുകളും പ്രയാസം അനുഭവിക്കുന്നു. എല്ലായിടത്തും ഇത്തരം ഫീസടക്കൽ മാറ്റിവച്ചിരിക്കുകയാണ്. അത് മാനിച്ച് ഗൾഫ് നാടുകളിലെ സ്കൂൾ മാനേജ്മെന്റുകൾ ഇപ്പോൾ ഫീസടക്കാൻ നിർബന്ധിക്കരുത്. അത് മാറ്റിവയ്ക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

 

Follow Us:
Download App:
  • android
  • ios