തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നാളെയും ഇ ഡിക്ക് മുമ്പിൽ ഹാജരാകില്ല. രവീന്ദ്രൻ ആശുപത്രിയിൽ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്നാണ് പറയുന്നത്. തലച്ചോറിന്റെ എംആർഐ എടുക്കണമെന്നാണ് നിർദ്ദേശം. അതു കഴിഞ്ഞ് മാത്രമേ ഡിസ്ചാർജ്ജ് ചെയ്യൂ.   

കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയത്. കൊവിഡ് ഭേദമായതിന് ശേഷവും ആശുപത്രിയിൽ തുടർന്ന സി.എം.രവീന്ദ്രനോട് ചോദ്യംചെയ്യലുമായി സഹകരിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആശപത്രി വിട്ട് വീട്ടിൽ ചികിത്സ തുടർന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമെന്ന  വിലയിരുത്തലിൽ ഇന്നലെ വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു. 

രവീന്ദ്രന് ആദ്യം നോട്ടീസ് നൽകിയപ്പോൾ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മാറിയ ശേഷം ചോദ്യം ചെയ്യലിനായി വിളിച്ചപ്പോഴും കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി വിട്ടതിന് ശേഷം ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് സിഎം രവീന്ദ്രൻ ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു ഇതേ തുടർന്നാണ് മൂന്നാമത് നൊട്ടീസ് നൽകിയത്. 

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതൻ വിവാദം  സംസ്ഥാന രാഷ്ട്രീയത്തിൽ കത്തുമ്പോഴാണ് രവീന്ദ്രന്‍റെ ചോദ്യംചെയ്യൽ വീണ്ടും അനിശ്ചിതത്വത്തിലാകുന്നത്. ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യംചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. സർക്കാരിന്‍റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട രവീന്ദ്രൻ ശിവശങ്കറുമായി ചേർന്ന് നടത്തിയ ഇടപാടുകളാണ് സംശയ നിഴലിൽ നിൽക്കുന്നത്.