മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയുടെ 'ഹമാസ് ഭീകരർ' പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
പരാമർശത്തിൽ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രായേൽ - പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു

തിരുവനന്തപുരം: കെകെ ശൈലജയുടെ 'ഹമാസ് ഭീകരർ' പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പരാമർശത്തിൽ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ ഇസ്രായേൽ - പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഎം-ന് പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന കടന്ന് കയറ്റത്തിനെതിരെയായിരുന്നു നേരത്തെ രാജ്യത്ത്നേറെ നിലപാട് എന്നാൽ അതിൽ നിന്ന് വ്യത്യാസം വന്നത് നിർഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതീവ ഗുരുതരമായ സ്ഥിതി പരിഹരിക്കാനുള്ള ഇടപെടലാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
Read More: ഇസ്രായേല്‍ - പലസ്തീൻ വിഷയത്തിലെ നിലപാട്; വിശദീകരണവുമായി മുൻ മന്ത്രി കെ കെ ശൈലജ
യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമർശം. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേൽ ഇപ്പോൾ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെകെ ശൈലജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.