തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവിതരണത്തിന്‍റെ കാര്യത്തിലുള്ള എല്ലാ തീരുമാനവും നേരത്തെ ആയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഏതു നടപ്പാകാവുന്നതേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രമായി നീങ്ങുന്ന നില വന്നാല്‍ വിദേശമദ്യ ഷോപ്പുകളുടെ മുന്നിലുണ്ടാവുന്ന തിരക്ക് വളരെ കൂടുതലായിക്കും. അത് നിയന്ത്രിക്കുക എന്നത് വളരെ പ്രശ്നമുള്ള കാര്യമായിരിക്കും.

അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ സമ്പ്രദായം വേണമെന്ന് കണ്ടത്. കൃത്യസമയത്ത് ഇത്ര ആളുകള്‍ വരികയും അവര്‍ വാങ്ങി പോകുക എന്നതുമാണ് രീതി. അതില്‍ വലിയ സംശയങ്ങളുടെ ആവശ്യമില്ല. പക്ഷേ, ഇതുവരെ അത് നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ വേഗം നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആപ്പ് നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ച കമ്പനിയെ കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഓൺലൈൻ മദ്യവിൽപ്പനയക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. ആപ്പിന്‍റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പിനി ആലോചിക്കുന്നുണ്ട്. പുറത്തിറക്കുന്ന തിയതിയും ഇപ്പോൾ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

മദ്യം വാങ്ങാൻ ഓൺലൈൻ ടോക്കണിനുള്ള ആപ്പിൽ മൂന്നാംഘട്ട സുരക്ഷാപരിശോധന നടക്കുകയാണ്. ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നതിൽ ആശങ്കയിലാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോൾ ടെക്നോളജിസ്. ഇതേ പേരിൽ പ്ലേ സ്റ്റോറിൽ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താൽ ബുദ്ധിമുട്ടാകും. ഈ പേരിൽ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്തോയെന്ന് പരിശോധിക്കുന്നുണ്ട്.

ആപ്പ് പുറത്തിറക്കുന്ന തീയതി മൂൻകൂട്ടി പ്രഖ്യാപിച്ചാൽ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കമ്പിനി വിശദീകരിക്കുന്നു. ഇപ്പോഴുള്ള പരിശോധനകൾക്ക് ശേഷമേ ഗൂഗിൾ പ്ലേ സ്റ്റോറിന് അയക്കു, ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വരുന്നതിനാൽ ക്ഷമതാ പരിശോധന കർശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി. തിങ്കളാഴ്ചയോടെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.