തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ സമ്പർക്കത്തിലൂടെ പടരുന്നതിന്‍റെ തോത് പിടിച്ച് നിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് നിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ രോഗമുള്ളവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. എന്നാല്‍, സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതിന്‍റെ തോത് പിടിച്ച് നിര്‍ത്താന്‍ നമുക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ജൂണ്‍ 2 വരെ 140 വിമാനങ്ങളാണ് കേരളത്തിലെത്തിയത്. 24,333 പേരാണ് ഇതുവരെ വിമാനങ്ങളില്‍ കേരളത്തില്‍ എത്തി. മൂന്ന് കപ്പല്‍ വഴി 1488 പേരും നാട്ടിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 82 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 പേർ രോഗമുക്തി നേടി. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.

സ്ഥിരീകരിച്ചവരില്‍ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 19 പേരെത്തി. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായി. അഞ്ച് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. അതിലൊരാളുടെത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.

24 പേർ കൊവിഡ് മുക്തരായി. നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂർ രണ്ട് കാസർകോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.