ഗുരുവായൂർ ക്ഷേത്ര ദർശന വിവാദത്തിൽ മുഖ്യമന്ത്രിക്ക് ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിയമാനുസൃതം നെയ് വിളക്ക് ചീട്ട് എടുത്താണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി.
തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തില്‍ ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. നിയമാനുസൃതം പാസ്സെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ഗുരുവായൂർ ദേവസ്വം ബോര്‍ഡിന്‍റെ കണ്ടെത്തല്‍. കാലത്ത് ഗോപുരം മാനേജർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രി അഞ്ച് പേർക്ക് നെയ് വിളക്ക് ചീട്ട് എടുത്തിരുന്നു. അത് പ്രകാരമാണ് ദർശനം നടത്തിയത്. കൂടുതൽ ആളുകൾ മുഖ്യമന്ത്രിക്കൊപ്പം ദർശനത്തിന് ഉണ്ടായിരുന്നില്ല. ഒരാൾ പോലും തൊഴാൻ ആകാതെ മടങ്ങി എന്ന പരാതി പറഞ്ഞിട്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാർ മൊഴി നൽകി.

മന്ത്രി എപി അനില്‍കുമാറിന്‍റെ മകന്‍റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്. എന്നാല്‍, ഞായറാഴ്ച ദര്‍ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാറും വ്യക്തമാക്കി. ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന്‍ ദേവസ്വം ജീവനക്കാരന്‍ ടി കെ ഗോപാലകൃഷ്ണന്‍ അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു. അഞ്ച് പേര്‍ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെനാല് പേരാണ് ദര്‍ശനത്തിനായി കയറിയത്. മറ്റ് ഭക്തര്‍ക്ക് തടസ്സമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാറും വിശദീകരിച്ചു.
