പിണറായി സർക്കാരിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എൻ പ്രശാന്തിനെയും സതീശൻ സർക്കാർ തിരിച്ചെടുത്തു. സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും വിമർശിച്ചതിന്‍റെ പേരിലായിരുന്നു ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നത്

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്തിരുന്ന ഐ എ എസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എൻ പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു. ഇന്നലെയാണ് സതീശൻ സർക്കാർ സസ്പെൻഷൻ പിൻവലിച്ച് ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി എ ജയതിലക് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതോടെ തീരുമാനം പ്രാബല്യത്തിലായി. നേരത്തെ ഇടത് സർക്കാറിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻറെ തൊട്ടുമുമ്പ് അശോകിനെ സസ്പെൻഡ് ചെയ്തത്. രണ്ട് വർഷമായി പുറത്തുള്ള പ്രശാന്ത് ഇക്കാലയളവിൽ നേരിട്ടത് ഒൻപത് സസ്പെൻഷനുകലാണ്. സർക്കാർ നയങ്ങളെയും ഉന്നതഉദ്യോസ്ഥരുടെ നടപടികളെയും വിമർശിക്കാൻ ഒരു മടിയും കാണിക്കാത്ത ട്രാക്ക് റെക്കോർഡാണ് അശോകിനും, കളക്ടർ ബ്രോ എന്ന പേരിൽ പ്രശസ്തനായ പ്രശാന്തിനും പലപ്പോഴും തിരിച്ചടിയായിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായി സർക്കാരിന്‍റെ കണ്ണിലെ കരടുകൾ

സംസ്ഥാനത്തെ സീനിയ‌ർ ഐ എ എസ് ഉദ്യോഗസ്ഥനായ അശോക്, കേര പദ്ധതിയിലെ അഴിമതിയെ കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെയാണ് പിണറായി സർക്കാറിന്‍റെ കണ്ണിലെ കരടായി മാറിയത്. പിന്നാലെ കൃഷി വകുപ്പിൽ നിന്ന് അശോകിനെ മാറ്റിക്കൊണ്ടാണ് ആദ്യ നടപടി വന്നത്. കെ ടി ഡി എഫ് സി സി എം ഡി, തദ്ദേശ കമ്മീഷണർ, ഉദ്യോഗസ്ഥ ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി പല അപ്രധാന വകുപ്പുകളിലേക്കുമുള്ള മാറ്റങ്ങളെ അശോക് ട്രൈബ്യൂണലിൽ പോയി തടഞ്ഞിരുന്നു. ഒടുവിൽ സസ്പെൻഡ് ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ തൊട്ടുമുമ്പായിരുന്നു. തുടർഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന മാധ്യമങ്ങളിലെ വിമർശനമായിരുന്നു സർക്കാർ ചൂണ്ടിക്കാടിയ കാരണം. ഉത്തരവ് മേശപ്പുറത്ത് കിടക്കെട്ട, കാവൽ സർക്കാരിന്‍റെ നടപടിക്ക് നിയമസാധുതയില്ലെന്നായിരുന്നു അന്ന് അശോകിന്‍റെ പ്രതികരണം. സമൂഹമാധ്യമങ്ങളായിരുന്നു കോഴിക്കോടിന്‍റെ മുൻ കളക്ടർ ബ്രോ പ്രശാന്തിന്‍റെ പ്രധാന കേന്ദ്രം. അച്ചടക്കനടപടികളെ ട്രോൾ ഇറക്കി മറുപടി നൽകുന്നതായിരുന്നു രീതി. പലവട്ടം നടപടി നേരിട്ടു, ഒടുവിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചതിന് സസ്പെൻഷനും ലഭിച്ചു. ഹിയറിംഗ് ലൈവ് സ്ട്രീം നടത്തണമെന്ന് വരെ ആവശ്യപ്പെട്ടു. അനഭിമതമായ കാര്യങ്ങളിലെ തുറന്നടിക്കൽ പതിവ് പല കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടിയെങ്കിലും ഇരുവരെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം