തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കേരളത്തിൽ അന്വേഷണം നടത്തുന്ന അന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വ്യവസ്ഥാപിതമായ രീതിയിൽ അന്വേഷണം നടത്തി സത്യം കണ്ടെത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കേണ്ടതെന്നും അതല്ലാതെ കേരളത്തിലെ ബിജെപി നേതാക്കളുടെ ഇംഗിതം അനുസരിച്ച പെരുമാറാൻ തുടങ്ങിയാൽ കാര്യങ്ങൾ മോശമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

ബിജെപിയുടെ ഇം​ഗിതം അനുസരിച്ച് കേന്ദ്ര ഏജൻസികൾ തുള്ളാൻ തുടങ്ങിയാൽ കാര്യങ്ങൾ മോശമാവും. കേന്ദ്ര ഏജൻസികൾക്ക് കൃത്യമായ രീതികളുണ്ട്. വ്യവസ്ഥാപിതമായ പ്രവ‍ർത്തനരീതിയുണ്ട് അതിലൂടെ വേണം അവ‍ർ നീങ്ങാൻ. അല്ലാതെ ഇവിടുത്തെ ബിജെപിക്കാർ പറയും പോലെ നീങ്ങുകയും അവർക്കായി കഥകൾ മെനയലും അന്വേഷണത്തിൽ കിട്ടുന്ന വിവരങ്ങൾ അവർക്ക് ചോർത്തി കൊടുക്കലും അല്ല അവർ ചെയ്യേണ്ടത്. കേന്ദ്ര ഏജൻസികൾക്ക് വേണ്ടത് തെളിവാണ് അതു കണ്ടെത്താനും കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനുമാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കേണ്ടത്.